മധുവിന്റെ കൊലപാതകം കേരളത്തില്‍ സംഭവിച്ചു കൂടാത്തതെന്ന് ഉമ്മന്‍ ചാണ്ടി; ശക്തമായ നടപടി വേണമെന്ന് കുമ്മനം; ധര്‍ണയും പ്രകടനവുമില്ലേയെന്ന് കെസുരേന്ദ്രന്‍

single-img
23 February 2018

തിരുവനന്തപുരം: കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്ന മധുവിന്റെ കൊലപാതകമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവം അറിഞ്ഞയുടന്‍ തന്നെ അട്ടപ്പാടിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകര്‍ തന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ മധു എന്ന യുവാവ് കാട്ടില്‍ തന്നെ താമസിക്കുന്ന ഒരു ആദിവാസി യുവാവാണ്. മാത്രമല്ല അയാള്‍ക്ക് ചെറിയ തോതില്‍ മാനസികപ്രശ്‌നം ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. ഇതു കാരണം സാധാരണ ചെറുപ്പക്കാരനെ പോലെ പെരുമാറാന്‍ കഴിയാത്തതാവാം ഇങ്ങനെ ഒരു വിപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് കരുതുന്നതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അയാള്‍ മോഷ്ടാവല്ല, ആരുടേയും ഒന്നും മധു മോഷ്ടിച്ചിട്ടില്ല. പക്ഷേ അത് ചുറ്റുമുള്ളവരെ പറഞ്ഞു മനസിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ആള്‍ക്കൂട്ടം അയാളെ പോലീസില്‍ ഏല്‍പിച്ചത്. മൃഗീയമായാണ് ആ ചെറുപ്പക്കാരന് കൊല്ലപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനമായ നടപടി എടുക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഭക്ഷണവും താമസവും പോലുമില്ലാതെ വലയുന്ന ഈ സഹോദരങ്ങളോടുള്ള ക്രൂരതയ്ക്ക് മുന്നില്‍ കേരള സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ഖേദകരമാണ്.

അട്ടപ്പാടിയിലെ ആദിവാസി സമൂഹം പട്ടിണി മൂലം കഷ്ടപെടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രോഷം പ്രകടിപ്പിക്കുകയുണ്ടായി. അതിന്റെ പേരില്‍ അദ്ദേത്തെ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. അന്ന് പ്രധാനമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായി.

ക്രൂരമായ ആദിവാസിഹത്യയുണ്ടായിട്ടും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ അശ്വസിപ്പിക്കാനോ അടിയന്തരസഹായം നല്‍കാനോ മുഖ്യമന്ത്രിയോ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനോ തയ്യാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കേരളത്തിലെ സച്ചിദാനന്ദനും ജമാ അത്ത് രാമനുണ്ണിയും അടക്കം പലരും പുരസ്‌കാരം( തുക ഒഴിച്ച്) മടക്കുമായിരുന്നു. ചാനല്‍ ചര്‍ച്ചക്കുവേണ്ടി മാത്രം എം. പി മാരായ നാടിനൊരു ഗുണവുമില്ലാത്ത എം. ബി. രാജേഷും കൂട്ടരും പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ ഇന്നലെ രാത്രി തന്നെ ഒരു ധര്‍ണ്ണ നടത്തി അതിന്റെ പടം ഇന്നത്തെ പത്രത്തില്‍ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു.

ഡിഫി മുതല്‍ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്‌ളവസംഘടനകള്‍ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിന്റെ മണ്ഡലത്തില്‍പെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലന്‍ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്.

ഇങ്ങനെ എത്രയോ ആദിവാസികള്‍ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്. ശതകോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ഇവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങള്‍ക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാര്‍ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്‌നം ബീഫ് കിട്ടാത്തതായിരുന്നെങ്കില്‍ രാജേഷ് അട്ടപ്പാടിയില്‍ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാല്‍ ഒരാഴ്ച നിരാഹാരവും കിടന്നേനെ.