അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്നു

single-img
22 February 2018

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഞെട്ടിക്കുന്ന സംഭവം നടന്നത് അട്ടപ്പാടിയിലെ മുക്കാലിയിൽ. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്.

മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി ആരോപണമുണ്ട്. ഇയാൾ ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്.

പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാർ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. സമീപകാലത്തായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും മറ്റുഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയതും തുടർന്ന് മർദ്ദിച്ചതും. എന്നാൽ പൊലീസ് വാഹനത്തിൽ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛർദ്ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകയായ ധന്യ രാമൻ വിഷയത്തെ കുറിച്ച് അതി രൂക്ഷമായി പ്രതികരിച്ചു.
കടുകുമണ്ണ ആദിവാസി ഊരിലെ 13,000 ത്തോളം ഏക്കർ ഭൂമി കൈയ്യേറിയപ്പോൾ അതിൽ ഒരാൾ വിശപ്പടക്കാൻ അല്പം അരി എടുത്തു പോയതാണോ കൊലപാതകപരമായ കുറ്റം എന്ന് ധന്യ ചോദിക്കുന്നു.

മധുവിന്റെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യാനിരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വേണ്ടുന്ന നടപടി കൈകൊള്ളണമെന്നുള്ള ആവശ്യവും ധന്യ ഉന്നയിക്കുന്നു. കൂടാതെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബഹ്‌റയിൽ നിന്നും ഉറപ്പ് ലഭിച്ചതായും ധന്യ ഇ വാർത്തയോട് പറഞ്ഞു.