ഇത്തിക്കര പക്കിയുടെ ലുക്ക് തെരഞ്ഞെടുത്തത് 25 സ്കെച്ചുകളില്‍ നിന്ന്
കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കി എന്ന അതിഥി കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ തന്റെ ലുക്ക് മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഇത്തിക്കരപക്കിയായി 20 മിനിറ്റോളമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.
പറ്റെ വെട്ടിയ മുടിയും കുറ്റിത്താടിയുമൊക്കെയാണ് ഇത്തിക്കരപക്കിയുടെ ലുക്ക്. എന്നാല്‍ ഈ ലുക്ക് 25 സ്കെച്ചുകളില്‍ നിന്നാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ് തെരഞ്ഞെടുത്തതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് പറയുന്നു.
എന്തുകൊണ്ടാണ് ഇത്തിക്കര പക്കി ഇത്തരത്തിലൊരു ഗെറ്റപ്പില്‍ എത്തുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രശലഭം എന്നാണ് പക്കി എന്ന വാക്കിന് അര്‍ത്ഥം. ശലഭത്തെ പോലെ പെട്ടെന്ന് ചലിക്കുന്ന മോഷ്ടാവാണ് ഇത്തിക്കര പക്കി. കച്ചവടത്തിനെത്തുന്ന വ്യാപാരികളെയും പക്കി കൊള്ളയടിക്കാറുണ്ട്. അതുകൊണ്ട് തന്നെ വേഷവിധാവും പ്രധാനമാണെന്നും സഞ്ജയ് പറഞ്ഞു.
ഹോളിവുഡ് ചിത്രമായ ഗ്ലാഡിയേറ്ററിലെ മാക്സിമസിന്റെ വേഷവും ഇത്തിക്കര പക്കിയുടെ വസ്ത്രധാരണവും ഒരുപോലെയാണെന്ന തരത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയാണ് എത്തുന്നത്. പ്രിയ ആനന്ദ് ആണ് നായിക.