വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാതാവായ വ്യാജ ബിഷപ്പ് യാക്കൂബ് മാർ ഗ്രിഗോറിയസ് വീണ്ടും സജീവമെന്ന് റിപ്പോർട്ട്: മുഖ്യമന്ത്രിയ്ക്ക് പരാതി

single-img
21 February 2018

വ്യാജസർട്ടിഫിക്കറ്റ് വിതരണം ചെയ്തതിന്റെ പേരിൽ 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട യാക്കൂബ് മാർ ഗ്രിഗോറിയസ് വീണ്ടും തട്ടിപ്പുകളുമായി സജീവമെന്ന് റിപ്പോർട്ട്. ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് റെവല്യൂഷണറി യൂത്ത് ഫ്രണ്ടിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി അജോ കുട്ടിക്കൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.

2015 ജൂൺ മാസത്തിൽ കൊല്ലം ഡിസിപിയുടെ നേതൃത്വത്തിൽ ഇയാളുടെ സ്ഥാപനങ്ങളിൽ റെയിഡ് നടത്തിയ പോലീസ് നിരവധി വ്യാജസർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. ഇയാൾ വർഷങ്ങളായി വ്യാജസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു വരികയായിരുന്നുവെന്നാണു പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇയാളുടെ കൂട്ടാളിയായിരുന്ന സീനത്ത് എന്ന സ്ത്രീ വിവിധ സ്ഥാപനങ്ങളിൽ നിന്നായി ബി ടെക്, എം ബി എ തുടങ്ങിയ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തിരുന്നതായി ദി ഹിന്ദു ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

ജെയിംസ് ജോർജ്ജ് എന്ന യഥാർത്ഥ പേരുകാരനായ യാക്കൂബ് മാർ ഗ്രിഗോറിയസ് കൊല്ലം ജില്ലയിലെ കൊട്ടാരക്കർ സ്വദേശിയാണു. സാധാരണ വിശ്വാസികളിലും, ഇതര മതസ്ഥർക്കിടയിലും തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണ് ഇയാൾ ഭാരതത്തിൽ നിലവിലുള്ള ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ പേരുമായി സാമ്യമുള്ള ഭാരതീയ ഓർത്തഡോക്സ്‌ സഭ എന്ന പേര് സ്വീകരിച്ചതെന്ന് പരാതിക്കാരനായ അജോ കുട്ടിക്കൻ ആരോപിക്കുന്നു.

2009 വരെ ഇദ്ദേഹം മലങ്കര ഓർത്തഡോക്സ്‌ സഭയിലെ വെറുമൊരു അല്മായൻ (സാധാരണ അംഗം) ആയിരുന്ന ജെയിംസ് ജോർജ്ജ് 2009-ൽ സഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2010-ൽ ഭാരതീയ ഓർത്തഡോക്സ്‌ സഭ എന്ന പേരിൽ പുതിയ സഭയുണ്ടാക്കി സ്വയം വൈദികൻ ആയി. 2011-ൽ ഇദ്ദേഹം മെത്രാനായി (ബിഷപ്) സ്വയം അവരോധിച്ചു “പരിശുദ്ധ ബസേലിയോസ് ഡോ. യാക്കൂബ് മാർ ഗ്രീഗോറിയോസ് പ്രഥമൻ കാതോലിക്ക ബാവ” എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തട്ടിപ്പുകൾക്ക് വേണ്ടിയുള്ള മറ എന്ന രീതിയിലാണ് ഇയാൾ മെത്രാൻ സ്ഥാനം ദുരുപയോഗം ചെയ്യുന്നതെന്നും ഇതുമൂലം യഥാർത്ഥ ഇന്ത്യൻ ഓർത്തഡോക്സ്‌ സഭയുടെ കീർത്തിക്കു പോലും കളങ്കം ഉണ്ടാവുകയാണെന്നും അജോ ആരോപിക്കുന്നു.

റീവ ടി ഫിലിപ്പ് എന്ന മറ്റൊരാൾ ഇയാൾക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.