‘മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നത്’; വിവാഹത്തിന് മുമ്പ് മണിയന്‍പിള്ള രാജുവിന് കിട്ടിയത് എട്ടിന്റെ പണി
തന്റെ വിവാഹത്തെ കുറിച്ചുള്ള രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് നടന് മണിയന്‍പിള്ള രാജു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒരു ചിത്രം കാരണം കിട്ടിയ എട്ടിന്റെ പണിയെ കുറിച്ചാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.
‘ഒരിക്കല്‍ ഞാനും സുഹൃത്ത് മണിയും ‘ചിരിയോ ചിരി’ എന്ന ചിത്രം കാണാന്‍ പോവുകയായിരുന്നു. ഇടയ്ക്ക് മണിയുടെ ഇളയച്ഛന്റെ വീട്ടില്‍ വണ്ടി നിര്‍ത്തി. വീടിന്റെ കര്‍ട്ടന്റെ ഇടയിലൂടെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. ഞങ്ങളെ നോക്കിയിട്ട് ആ കുട്ടി ഓടി പോയി.
ഞാന്‍ മണിയോട് ചോദിച്ചു അത് ആരാണെന്ന്. മണി പറഞ്ഞു അത് ഇളയച്ചന്റെയും ഇളയമ്മയുടെയും ഒരേ ഒരു മകളാണ്, പേര് ഇന്ദിര. ഉടനെ തന്നെ ആ പെണ്‍കുട്ടിയെ എനിക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് മണിയോട് ഞാന്‍ പറഞ്ഞു. പക്ഷെ സിനിമാക്കാരന് ആയതുകൊണ്ട് അതിനൊരു ചാന്‍സും ഇല്ലായിരുന്നു.
ഒരേ ഒരു മകളെ സിനിമാക്കാരന് കൊടുക്കാന്‍ അവര്‍ക്ക് സമ്മതമില്ലായിരുന്നു. അവസാനം മണിയുടെ ചേട്ടനും ബന്ധുക്കളും നിര്‍ബന്ധിച്ച് അവര്‍ അതിന് തയ്യാറായി. അങ്ങനെ ഒരു ദിവസം അവളുടെ അമ്മയും അച്ഛനും കൊല്ലത്ത് ഗ്രാന്‍ഡ് തീയറ്ററില്‍ ഒരു സിനിമകാണാന്‍ പോയി.
ജോണ്‍ പോളിന്റെ സ്ക്രിപ്റ്റില്‍ സേതുമാധവന് സര് സംവിധാനം ചെയ്ത ‘അറിയാത്ത വീഥികള്‍’ എന്ന സിനിമ ആയിരുന്നു അത്. ചിത്രത്തില്‍ ഞാനും മോഹന്‍ലാലും മധു സാറും അഭിനയിക്കുന്നുണ്ട്. ആ പടത്തില്‍ ഞാന്‍ ഒരു കുട്ടിയെ റേപ്പ് ചെയ്യാന്‍ പോകുമ്പോള്‍ മോഹന്‍ലാല്‍ വരുകയും ആ കുട്ടിയുടെ വാ ഞാന്‍ പൊത്തിപിടിക്കുകയും ആ കുട്ടി മരിക്കുകയും ചെയുന്നുണ്ട്.
ആ സിനിമയില്‍ എന്റെ അച്ഛനായി അഭിനയിക്കുന്ന മധു സര് ജഡ്ജ് ആണ്. അവസാനം മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കി കൊല്ലുകയും ചെയുന്നു. ഇന്ദിരയുടെ അച്ഛനും അമ്മയും ആദ്യമായി കാണുന്ന എന്റെ ചിത്രം അതായിരുന്നു. ചിത്രം കഴിഞ്ഞുടനെ ഇന്ദിരയുടെ അച്ഛന് പറഞ്ഞു ‘ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്’?.
മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്’. എല്ലാം കൈവിട്ടുപോയി. ഒടുവില്‍ അവരുടെ ബന്ധുക്കള്‍ ഇടപെട്ടു സംസാരിച്ചാണ് കല്യാണം നടന്നത്. ഇപ്പോള്‍ അവരെല്ലാം പറയും ഇന്ദിരക്ക് കിട്ടിയത് നല്ല ചെറുക്കനാണെന്ന്.