ദുബായ് യാത്രാവിലക്ക് ഇല്ലെന്ന് തെളിയിക്കാന്‍ ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്

single-img
17 February 2018


ദുബായ്: കേസുകളുടെ പശ്ചാത്തലത്തില്‍ ദുബായില്‍ പ്രവേശിക്കാന്‍ കഴിയാത്ത യാത്രാവിലക്ക് നിലനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്. ദുബായില്‍ ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നാണ് ലൈവ്. സുഹൃത്തുക്കളുടെ ആവശ്യ പ്രകാരമാണ് ലൈവില്‍ വന്നതെന്നും സഖാക്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണെന്നും ബിനീഷ് പറഞ്ഞു. രണ്ടാഴ്ചക്കാലമായുള്ള വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള തന്‍െറ മറുപടിയാണ് ലൈവ് എന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

‘പുകമറകളെല്ലാം അവസാനിച്ചു. അതിന്‍െറ ഒക്കെ പുറത്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നവര്‍ക്ക് ഭയങ്കര സങ്കടമായിക്കാണും. കടലില്‍ കുളിച്ചവനെ കുളത്തിന്‍െറ ആഴം കാട്ടിപേടിപ്പിക്കരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. വീണ്ടും പറയുന്നു. കടലില്‍ കുളിച്ചവനെ കുളത്തിന്‍െറ ആഴം കാട്ടി പേടിപ്പിക്കരുത്. ഞാന്‍ കുളത്തില്‍ വീണെന്ന് പറഞ്ഞ് നിങ്ങള്‍ കൈകൊട്ടി ചിരിച്ചു. ഞാന്‍ നിങ്ങളെ സന്തോഷിപ്പിക്കാനായി കുളത്തില്‍ കുറച്ച് നേരം കിടന്ന് അവിടത്തെ പായലൊക്കെ വൃത്തിയാക്കി മുകളിലോട്ട് വന്നതല്ലെ. ഇനിയും നിങ്ങള്‍ക്ക് അവശ്യമുള്ളപ്പോള്‍ കുളത്തിന്‍െറ അരികില്‍ ഞാന്‍ നില്‍ക്കാം. നിങ്ങള്‍ വീണ്ടും തള്ളിയിട്ടോ. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞങ്ങള്‍ വീണ്ടും മുങ്ങിപ്പോയെന്ന്. അങ്ങനെയൊന്നും മുങ്ങിപ്പോകുന്ന രീതിയിലല്ല ഞങ്ങള്‍ വളര്‍ന്നത്. ഞാന്‍ നടക്കാന്‍ പഠിച്ചത് തലശ്ശേരിയില്‍ നിന്നാണ്. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ പറയുമ്പോള്‍ കുറച്ചുകൂടി ചിന്തിച്ച് നന്നാക്കുക. ഞാന്‍ എന്താണെന്ന് സുഹൃത്തുക്കള്‍ക്ക് ബോധ്യപ്പെടുത്താനും അവര്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനുമാണ് ദുബായില്‍ വന്നതും ലൈവിട്ടതും.’-ബിനീഷ് ലൈവില്‍ വിശദമാക്കി.

വായ്പ പണം തിരിച്ചടക്കാത്തതിന്‍െറ പേരിലുണ്ടായ കേസില്‍ ബിനീഷ് കോടിയേരിക്ക് ദുബായ് കോടതി രണ്ട് മാസം തടവ്ശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ദുബായില്‍ പോകാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായത്. ബിനോയ് കോടിയേരിയുടെ കേസുകള്‍ ചര്‍ച്ചയായതോടെയാണ് 2015 ലെ ഈ കേസും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പണം നല്‍കി ഒത്തുതീര്‍പ്പിലായാല്‍ ശിക്ഷ അനുഭവിക്കാതെ തന്നെ രക്ഷപ്പെടാനുള്ള വ്യവസ്ഥകള്‍ യു.എ.ഇ നിയമത്തിലുണ്ട്.