ജയലളിതയുടെ ഛായാചിത്രത്തെ കോടതി കയറ്റി ഡി.എം.കെ

single-img
12 February 2018


ചെന്നൈ: അനാഛാദനം ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞില്ല, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രത്തെ ഡി.എം.കെ കോടതി കയറ്റി. തമിഴ്നാട് നിയമസഭക്ക് അകത്താണ് മുന്‍ എ.ഐ.എ. ഡി.എം.കെ അധ്യക്ഷയുടെ ഏഴ് അടി ഉയരത്തിലുള്ള ചിത്രം സ്ഥാപിച്ചത്. സ്പീക്കര്‍ പി. ധനപാല്‍ ആണ് അനാഛാദനം നിര്‍വഹിച്ചത്. ഈ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

അഴിമതിക്കുറ്റത്തിന് സുപ്രീംകോടതി കുറ്റക്കാരി എന്ന് കണ്ടെത്തിയ ആളാണ് ജയലളിത എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. തിങ്കളാഴ്ച രാവിലെ തന്നെ ഈ പരാതി പരിഗണിക്കണമെന്ന് ഡി.എം.കെയുടെ അഭിഭാഷകന്‍ പി. വില്‍സന്‍ അഭ്യര്‍ഥിച്ചെങ്കിലും കാര്‍ത്തി ചിദംബരം സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കേണ്ടതിനാല്‍ കോടതി അനുവദിച്ചില്ല. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസും അടങ്ങിയ ബഞ്ച് അറിയിച്ചു.