നൂറാം ഏകദിനത്തില്‍ നൂറടിച്ച് ധവാന്‍; 289 റണ്‍സില്‍ ഇന്ത്യയെ ഒതുക്കി ദക്ഷിണാഫ്രിക്ക

single-img
10 February 2018


ജൊഹന്നസ്ബര്‍ഗ്: ഏകദിന കരിയറില്‍ നൂറാം മത്സരത്തില്‍ ശതകവുമായി ശിഖര്‍ ധവാന്‍െറ തകര്‍പ്പന്‍ ആഘോഷം. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തിലാണ് ഇന്ത്യന്‍ ഓപ്പണറുടെ സെഞ്ച്വറി പ്രകടനം. നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധവാന്‍. 99 പന്തിലാണ് താരം 100 റണ്‍സ് പൂര്‍ത്തിയാക്കിയത്. കരിയറിലെ 13ാം സെഞ്ച്വറിയാണിത്.

എന്നാല്‍, ധവാന്‍െറ മികവില്‍ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ ഒതുക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. തുടര്‍ച്ചയായി വിക്കറ്റുകള്‍ പ്രോട്ടീസിന് വീഴ്ത്താനായതോടെ നിശ്ചിത 50 ഓവറില്‍ 289 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളു. ഏഴ് ഇന്ത്യന്‍ വിക്കറ്റുകളാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

35 ാം ഓവറില്‍ എത്തിയതോടെ മിന്നല്‍ കാരണം കളി നിര്‍ത്തിവച്ചതാണ് വഴിത്തിരിവായത്. ഇന്ത്യന്‍ സ്കോര്‍ 34.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് മിന്നല്‍ വില്ലനായത്. പിന്നീട് കളി തുടര്‍ന്നപ്പോള്‍ തിരിച്ചടിച്ചത് ദക്ഷിണാഫ്രിക്കയാണ്. 107 റണ്‍സില്‍ നില്‍ക്കുകയായിരുന്ന ധവാന്‍ രണ്ട് റണ്‍സ് കൂടിയെടുത്ത് മടങ്ങി. 105 പന്തില്‍ 109 റണ്‍സോടെയാണ് ധവാന്‍ തിരിച്ചുകയറിയത്. തൊട്ടടുത്ത ഓവറില്‍ അജിന്‍ക്യ രഹാനെയും(8) വീണു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ വീണ്ടും പരാജയപ്പെട്ട് അഞ്ച് റണ്‍സുമായി പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ വിരാട് കോലി മികച്ച ഫോം തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. അര്‍ധസെഞ്ച്വറിയുമായി കോലി കളം നിറഞ്ഞ് ധവാനൊപ്പം നിന്നതോടെ രണ്ടാം വിക്കറ്റില്‍ 158 റണ്‍സ് പിറന്നു. 83 പന്തില്‍ 75 റണ്‍സെടുത്ത് കോലി പുറത്തായി. തുടര്‍ന്ന് കളത്തിലിറങ്ങിയ അജിന്‍ക്യ രഹാനെയെ ഒരറ്റം നിര്‍ത്തി ധവാന്‍ സെഞ്ച്വറി മികവുമായി തുടര്‍ന്നപ്പോഴാണ് കളി മുടങ്ങിയത്.

രഹാനെയുടെയും ശിഖര്‍ ധവാന്‍െറയും ശ്രേയസ് അയ്യരുടെയും(18) വിക്കറ്റ് വീണതിന് ശേഷം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് രക്ഷയായത്. പുറത്താകാതെ 43 പന്തില്‍ 42 റണ്‍സെടുത്ത ധോണി മൂന്നു ഫോറുകളും ഒരു സിക്സും പറത്തി. ഭുവനേശ്വര്‍ കുമാര്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കക്കായി ലുംഗി എന്‍ഗിഡിയും കാഗിസോ റബാദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈ മത്സരം ജയിക്കാനായാല്‍ 4-0 ത്തിന് മുന്നിലെത്തി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിയും.