കേരളത്തില്‍ മാവോയിസ്റ്റ് സംഘങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു: കണ്ണൂരില്‍ മാവോവാദികളുടെ പണപ്പിരിവ്
കേരളത്തില്‍ മാവോയിസ്റ്റ് സംഘങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനകളിലും ദളിത് സംഘടനകളിലും മാവോയിസ്റ്റ് അനുകൂല സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘം മാവോയിസ്റ്റ്കള്‍ക്ക് സഹായമെത്തിക്കുന്നുണ്ട്.
പോലീസ് ഇത്തരം സംഘങ്ങളെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാവോയിസ്റ്റ് സമ്മേളനത്തിനെന്നു പറഞ്ഞ് പണപ്പിരിവ് നടന്നിരുന്നു. മാവോസംഘങ്ങള്ക്കു പണം നല്‍കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുമെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു.
വിവിധ സമ്മേളനങ്ങളുടെ നോട്ടീസും പോസ്റ്ററുകളും സംഘടിപ്പിച്ച് വ്യാപകമായി പണം പിരിക്കുന്നതായി പരാതിയുണ്ടെന്നും ഇക്കാര്യം പോലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതായും ഡിവൈഎസ്പി പറഞ്ഞു. ഇത്തരം സംഘങ്ങള്‍ക്ക് പണം നല്കിയാല് യുഎപിഎ പ്രകാരം കേസെടുക്കും.
കരിങ്കല്‍ ക്വാറി, കരാറുകാര്‍ തുടങ്ങിയവരെയും വന്‍കിട ബിസിനസുകാരെയും കണ്ടാണ് ഇത്തരം സംഘങ്ങള്‍ പണം പിരിക്കുന്നത്. ഇത്തരം സംഘങ്ങളുടെ വിവരം യഥാസമയം പോലീസിനെ അറിയിച്ചില്ലെങ്കില്‍ പിരിവ് നല്‍കുന്നവര്‍ക്കെതിരേയും കേസെടുക്കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ മലയോര ജില്ലകളിലും കര്‍ണാടക അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകളിലും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.