ഇരിങ്ങാലക്കുട സുജിത്ത് കൊലക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

single-img
3 February 2018

കൊല്ലപ്പെട്ട സുജിത്(26)

കൊച്ചി: ഇരിങ്ങാലക്കുട സുജിത്ത് കൊലക്കേസിലെ പ്രതി മിഥുന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച ഇയാളുടെ നില ഗുരുതരമാണ്. ഇരിങ്ങാലക്കുട ഐക്കരക്കുന്നിലെ പറമ്പിലാണ് മിഥുനെ കണ്ടെത്തിയത്. സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത ഇരിങ്ങാലക്കുട സ്വദേശിയായ സുജിത്ത് വേണുഗോപാല്‍(26) എന്ന യുവാവിനെ കൊന്ന കേസില്‍ ഒളിവിലായിരുന്നു മിഥുന്‍.

സഹോദരിയെ ശല്യം ചെയ്തത് ചോദിച്ച സുജിത്തിനെ ഓട്ടോ ഡ്രൈവറായ മിഥുന്‍ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ജനുവരി 28നായിരുന്നു സംഭവം. പിന്നീട് 30ന് രാത്രി ഒരു മണിയോടെ സുജിത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിഥുന്‍, സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന സുജിത്തിനെ മിഥുന്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാരാകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് സുജിത്തിന്റെ അന്ത്യം സംഭവിച്ചത്.

സുജിത്തിനെ മര്‍ദിച്ച ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയച്ഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സുജിത്ത് നാട്ടിലെത്തിയ ശേഷം കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കിവരികയായിരുന്നു.