സമരത്തിനത്തെിയ ചിലര്‍ പണം പിരിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തെന്ന് ശ്രീജിത്ത്

single-img
3 February 2018

തിരുവനന്തപുരം: പിന്തുണയുമായി എത്തിയ സമൂഹ മാധ്യമ കൂട്ടായ്മയിലെ ചിലര്‍ മാനസികമായി ബുദ്ധിമുട്ടിച്ചുവെന്ന് സഹോദരന്‍ ശ്രീജിവിന്‍െറ മരണത്തില്‍ നീതിതേടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ ശ്രീജിത്ത്. തന്‍െറ സമരത്തിന്‍െറ പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തിയതായും ശ്രീജിത്ത് വെളിപ്പെടുത്തി. കൂടെനിന്നവരില്‍ പലരും പിന്നീട് തള്ളിപ്പറഞ്ഞെന്നും അദേഹം പറഞ്ഞതായി മനോരമന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സമരത്തിനിടയില്‍ ചിലര്‍ പണം നല്‍കാന്‍ സന്നദ്ധരായപ്പോള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ, ഞാന്‍ മാറിനില്‍ക്കുമ്പോള്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണം പിരിച്ചതായി അറിയാന്‍ കഴിഞ്ഞു. വേറെയും പണപ്പിരിവ് നടന്നു. അതുമായൊന്നും ബന്ധമില്ല.- ശ്രീജിത്ത് വ്യക്തമാക്കി. അതേസമയം, അതേ സമൂഹമാധ്യമ കൂട്ടായ്മയില്‍ നിന്ന് വന്ന പലരും ആത്മാര്‍ഥതയോടെ അവസാനം വരെ ഒപ്പം നിന്നതായും ഉറച്ച പിന്തുണ നല്‍കിയതായും ശ്രീജിത്ത് പറഞ്ഞു.

കുറ്റവാളികളായ പോലീസുകാര്‍ തന്‍െറ നാട്ടുകാര്‍ തന്നെ ആയതിനാല്‍ നാട്ടില്‍ ജീവിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ ശ്രീജിത്ത്, സഹോദരന്‍െറ മരണത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നത് വരെ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.