രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലിങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ളാദേശിലേക്കോ പോകണം: യു.പി ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍

single-img
3 February 2018


അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എതിര്‍ക്കുന്ന മുസ്ലിങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ളാദേശിലേക്കോ പോകണമെന്ന് ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്വി. അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ളെന്നും അത്തരക്കാര്‍ മൗലികവാദികളാണെന്നും റിസ്വി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘‘അയോദ്ധ്യ ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ്. അതുകൊണ്ടുതന്നെ അവിടെ പള്ളിനിര്‍മ്മിക്കാന്‍ പാടില്ല. മതേതരായവര്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പില്ല. പള്ളിയുടെ പേരില്‍ ജിഹാദ് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പോയി ഐ.എസ് മേധാവി അബു ബക്ര്‍ അല്‍ബാഗ്ദാദിക്കൊപ്പം ചേരണം. മൗലികവാദികളായ മുസ്ലിം പണ്ഡിതര്‍ രാജ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്്’’ -റിസ്വി കൂട്ടിച്ചേര്‍ത്തു.

അയോദ്ധ്യയിലെ തര്‍ക്കപ്രദേശത്ത് വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുകയായിരുന്നു വസീം റിസ്വി. താത്കാലിക രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതനുമായി റിസ്വി കൂടിക്കാഴ്ച നടത്തി. അയോദ്ധ്യ തര്‍ക്കം സൗമ്യമായി പരിഹരിക്കാനുള്ള കരട് നിര്‍ദേശങ്ങള്‍ റിസ്വി 2017 ല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രവും ലഖ്നൗവില്‍ പള്ളിയും നിര്‍മ്മിക്കാനാണ് ഷിയ വഖഫ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ട്വച്ചിരിക്കുന്നത്.