കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം: ബിജെപിയോട് ‘ഗുഡ്‌ബൈ’ പറയാനൊരുങ്ങി ടിഡിപി

single-img
2 February 2018


ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി). ആഡ്രാ പ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവാണ് ബജറ്റിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്. കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. ബിജെപിയുമായി തുടരുന്ന കൂട്ടുകെട്ട് ഈ സാഹചര്യത്തില്‍ പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ടിഡിപി നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ഒരു യുദ്ധപ്രഖ്യാപനത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മൂന്ന് മാര്‍ഗങ്ങളാണ് തങ്ങള്‍ക്കു മുന്നിലുള്ളതെന്ന് ടിഡിപി എംപി ടി.ജി വെങ്കടേഷ് പറഞ്ഞു. ഒന്നുകില്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ തുടരുക.

അല്ലെങ്കില്‍ എംപിമാര്‍ രാജിവെക്കുകയും സഖ്യം അവസാനിപ്പിക്കുകയും ചെയ്യുക. മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളെയൊന്നും അഭിസംബോധന ചെയ്യാത്ത കേന്ദ്ര ബജറ്റാണ് കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വളരെ അസംതൃപ്തനാണെന്നും കേന്ദ്രമന്ത്രി വൈ എസ് ചൗധരി പറഞ്ഞു.

സഖ്യത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ തങ്ങളുടെ വിഹിതത്തിനായി പോരാടുമെന്നും 2019ലെ തിരഞ്ഞെടുപ്പുവരെ അതിനായുള്ള സമ്മര്‍ദ്ദം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സംസ്ഥാന നേതൃത്വം ചന്ദ്രബാബു നായിഡു സര്‍ക്കാരിനെതിരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.

അതേസമയം, പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ബിജെപിയുമായി ബന്ധം സ്ഥാപിക്കുമെന്ന ഭയം ടിഡിപിക്കുണ്ട്.