അച്ഛനെ പോലെ തന്നെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പ്രണവും പിന്നിലാണ്; പ്രണവിന്റെ അമ്മയെന്ന് കേള്‍ക്കുന്നതാണ് ഏറെ അഭിമാനമെന്ന് സുചിത്ര മോഹന്‍ലാല്‍

single-img
2 February 2018

എന്റെ കഴിവുകള്‍ കൊണ്ട് ഞാന്‍ വളര്‍ത്തി വലുതാക്കിയ മകന്റെ അമ്മയെന്ന് അറിയപ്പെടുമ്പോള്‍ ഇരട്ടി സന്തോഷവും അഭിമാനവുമാണെന്ന് സുചിത്ര മോഹന്‍ലാല്‍. എന്റെ പേരിനോടൊപ്പം വന്നവരെല്ലാം സ്വയം കഴിവ് തെളിയിച്ച്, വലുതായവരാണ്.

എന്നാല്‍ ഇപ്പോള്‍ പ്രണവിന്റെ അമ്മയെന്ന് കേള്‍ക്കുന്നതാണ് ഏറെ അഭിമാനം നല്‍കുന്നതെന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. അച്ഛനെ പോലെ തന്നെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പ്രണവും പിന്നിലാണ്. ആദി റിലീസ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുന്‍പ് അവന്‍ ഹിമാലയത്തിലേക്കു പോയി.

ഫോണില്‍ റെയ്ഞ്ചുപോലും ഇല്ല. റിലീസ് ദിവസം ഉച്ചയ്ക്കു വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, സിനിമ എല്ലാവരും നന്നായി എടുത്തുവെന്നു തോന്നുന്നുവെന്ന്. ‘ഗുഡ്, ഗുഡ്’ എന്നു രണ്ടു തവണ പറഞ്ഞു. പിന്നെ അവന്‍ സിനിമയെക്കുറിച്ചു സംസാരിച്ചതെയില്ല.

മായ അമേരിക്കയിലാണ്. അവള്‍ക്കു സിനിമ കാണാനായിട്ടില്ല. കുട്ടികള്‍ രണ്ടുപേരും നല്ല കൂട്ടാണ്. അവളാണ് എന്നും ചേട്ടന്റെ സംരക്ഷക. സിനിമയെക്കുറിച്ചു അവര്‍ തമ്മില്‍ സംസാരിച്ചുകാണും. ചെറുപ്പം മുതല്‍ ഒരു നാണക്കാരന്‍ കുട്ടിയായിരുന്നു പ്രണവ്. ആരുടെ അടുത്തും ഇടിച്ചു കേറില്ല.

പക്ഷെ അടുത്താല്‍ അവന്‍ എന്തിനും അവരോടൊപ്പം ഉണ്ടാകും. എന്റെ കസിന്‍സിന്റെ കുട്ടികള്‍ എല്ലാവരും വലിയ അടുപ്പമാണ്. അവര്‍ ഒരുമിച്ചു കൂടിയാല്‍ രാവും പകലും പാട്ടുപാടലാണ്. മിക്കവരും എന്തെങ്കിലും ഉപകരണം വായിക്കും. അവിടെ അപ്പു വേറെ ഒരു കുട്ടിയാണ്.

വായനയും സംഗീതവും യാത്രയുമാണു അവന്റെ ലോകം. അച്ഛനും മകനും തമ്മില്‍ കൂടുതലും സംസാരിക്കുന്നതുപോലും വായിച്ച പുസ്തകങ്ങളെക്കുറിച്ചാകുമെന്നു തോന്നുന്നു. അവന്റെ വഴി അവന്‍തന്നെ തിരഞ്ഞെടുത്തു. അതു ശരിയായ വഴിയാണെന്നു അമ്മ എന്ന നിലയില്‍ എനിക്കു തോന്നുന്നു.

ആദി എന്ന സിനിമയുടെ അവസാന ഭാഗം കണ്ടപ്പോള്‍ അവന്റെ കുട്ടിക്കാലം എനിക്കോര്‍മ്മ വന്നു. ഓട്ടവും ചാട്ടവും തലകുത്തിമറയലും വലിയ ഹോബിയായിരുന്നു. ഗോവണിയിലൂടെ നേരിട്ടു കയറില്ല. പിടിച്ചു പിടിച്ചു പുറകിലൂടെയാണു കയറുക.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവനെ ഇടയ്ക്കിടെ ഹോസ്റ്റലില്‍നിന്നു കയ്യും കാലും മുറിഞ്ഞു ആശുപത്രിയിലേക്കു കൊണ്ടുപോകും. നാലോ അഞ്ചോ തവണ കയ്യും കാലും ഒടിച്ചിട്ടുണ്ട്. ലാലേട്ടന്‍ സന്തോഷമായാലും സങ്കടമായാലും വല്ലാതെ പുറത്തു കാണിക്കില്ല.

സ്വന്തം സിനിമയെക്കുറിച്ചുപോലും ഒന്നും പറയാറില്ല. ആദിയുടെ റിലീസ് ദിവസം ലാലേട്ടന്‍ മുംബൈയിലായിരുന്നു. അവിടെനിന്നു പതിവില്ലാതെ പലതവണ വിളിച്ചു. അവന്‍ നന്നായിട്ടുണ്ടെന്നു എല്ലാവരും പറയുന്നതായി പറയുകയും ചെയ്തു. ആന്റണിയും പറഞ്ഞു.

ലാല്‍ സാറിനെ ഇതുപോലെ ടെന്‍ഷനോടെ കണ്ടിട്ടെ ഇല്ലെന്ന്. ഞങ്ങളോടുള്ള കരുതലു കൊണ്ടാകണം ആന്റണി സിനിമ ജനുവരി 26 റിലീസ് ചെയ്തത്. ക്രിസ്മസ്സിനു റിലീസ് ചെയ്യാണ് ആദ്യം ആലോചിച്ചത്. ഡാഡിയും മമ്മിയും ഇതു കാണാനുണ്ടായില്ല എന്ന സങ്കടം എനിക്കുണ്ട്.