തിരുവനന്തപുരത്ത് സിഐയുടെ വീട്ടിലും കറുത്ത സ്റ്റിക്കറുകള്‍: സമൂഹ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്ന് ഡിജിപി

single-img
2 February 2018

തിരുവനന്തപുരത്ത് സിഐയുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തെ പല വീടുകളിലും കറുത്ത സ്റ്റിക്കര്‍ കാണപ്പെട്ടിരുന്നു. ഇപ്പോള്‍ ക്രമസമാധാന ചുമതല വഹിക്കുന്ന തിരുവനന്തപുരം റൂറല്‍ സിഐയുടെ കരമന മേലാറന്നൂരിലെ വീട്ടിലാണ് കറുത്ത സ്റ്റിക്കര്‍ കാണപ്പെട്ടത്.

കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന സംഭവം ജനങ്ങളെ ഭീതിപ്പെടുത്തുന്ന പശ്ചാത്തലമാണ് നിലവിലുള്ളത്. ഇപ്പോള്‍ സിഐയുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ കാണപ്പെട്ടത് പ്രദേശവാസികളെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. അതേസമയം കറുത്ത സ്റ്റിക്കറുകള്‍ കാണുന്നതുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ഇതുമായി ബന്ധപ്പെട്ട് 24 കേസുകള്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അന്വേഷണം ശക്തമായി നടക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇത്തരത്തില്‍ സന്ദേശം പ്രചരിക്കുന്നതു റേഞ്ച് ഐജിമാര്‍ അന്വേഷിക്കുമെന്നും ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.