എ.കെ.ജി സ്മാരകം; രാഷ്ട്രീയ ദുരഭിമാനത്തിന്‍െറ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്ന് വി.ടി. ബല്‍റാം

single-img
2 February 2018

  തിരുവനന്തപുരം: എ.കെ.ജിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ 10 കോടി രൂപ നീക്കിവച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം. അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇത്തരം കാര്യങ്ങളുടെ ഉദ്ദേശശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്ന് ഫെയ്സ്ബുക്കില്‍ എഴൂതിയ പ്രതികരണ കുറിപ്പില്‍ ബല്‍റാം ചൂണ്ടികാട്ടുന്നു.

എ.കെ.ജിയുടെ മരണത്തിന് പിന്നാലെ സ്മാരകം നിര്‍മ്മിക്കാന്‍ എ.കെ. ആന്‍റണി സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ഓഫിസ് ഉണ്ടാക്കുകയാണ് ചെയ്തത്. കേരളത്തില്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ് നിലനില്‍ക്കുന്നത് സി.പി.എമ്മിന്‍േറത് മാത്രമാണ്. എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് പോസ്റ്റില്‍ ഉള്ളത്.

“പതിറ്റാണ്ടുകൾക്ക്‌ ശേഷം പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്നേഹത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം ഇന്നാട്ടിലെ എല്ലാവർക്കും അറിയാം. എന്നിരുന്നാലും സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരിൽ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത്‌ ഉചിതമാണോ എന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക്കും സർക്കാരും പുനർവിചിന്തനം നടത്തണം,” ബല്‍റാം പറയുന്നു.

നാട്ടുകാര്‍ക്ക് ഉപയോഗപ്രദമാകുന്ന പദ്ധതികള്‍ എന്തെങ്കിലും പ്രഖ്യാപിക്കുന്നതിന് പകരം മോഡി മോഡലില്‍ സ്മാരകം നിര്‍മിക്കുന്നതാണ് ഐസകിന് സ്വീകാര്യമെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

തന്‍െറ എ.കെ.ജി വിമര്‍ശനത്തിനുള്ള മറുപടി ആയിട്ടാണ് സ്മാരകത്തിനുള്ള പണം നീക്കിവയ്പ് എന്നാണ് ബല്‍റാം പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്.