സുപ്രീം കോടതിയിലെ ‘സൂപ്പര്‍ ഈഗോ’ തുടരുന്നു: പരിഹാസവുമായി ജസ്റ്റിസ് അരുണ്‍ മിശ്ര

single-img
1 February 2018


സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തമ്മിലുള്ള ശീതയുദ്ധം തുടരുന്നു. ദേശീയ പ്രാധാന്യമുള്ള കേസുകള്‍ ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്കു ചീഫ് ജസ്റ്റീസ് മാറ്റുകയാണെന്ന സുപ്രീം കോടതി മുതിര്‍ന്ന ജഡ്ജിമാരുടെ ആരോപണത്തില്‍ നീരസം തുറന്നുപ്രകടിപ്പിച്ച് ജസ്റ്റീസ് അരുണ്‍ മിശ്ര.

സുപ്രീം കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് മുതിര്‍ന്ന ജഡ്ജിമാരുടെ നിലപാടിനെ ജൂനിയര്‍ ജഡ്ജിയായ അരുണ്‍ മിശ്ര പരിഹസിച്ചത്. ജൂനിയര്‍ ജഡ്ജിമാരുടേത് ചെറിയ കോടതിയാണെന്നും തങ്ങള്‍ ചെറിയ ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കോടതി കേസ് കേള്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടോയെന്നു മിശ്ര അഭിഭാഷകനോട് ചോദിച്ചു. എന്തുകൊണ്ടാണ് ഇത്രയും ആളുകള്‍ ഇവിടെ കൂടുന്നത്?. താന്‍ ഒരു ജൂനിയര്‍ ജഡ്ജാണ്. എന്തുകൊണ്ടാണ് ആളുകള്‍ സീനിയര്‍ ജഡ്ജിമാരുടെ കോടതിയില്‍ പോകാത്തത്? അദ്ദേഹം ചോദിച്ചു.

ഗുജറാത്ത് ബെസ്റ്റ് ബേക്കറി കേസ്, രാജീവ് ഗാന്ധി വധം, ബാബറി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട കേസ്, ടുജി അഴിമതി, കല്‍ക്കരിപ്പാടം അഴിമതി കേസ് തുടങ്ങി ദേശീയ പ്രാധാന്യമുള്ള കേസുകളെല്ലാം ചീഫ് ജസ്റ്റീസ് തെരഞ്ഞെടുത്ത ബെഞ്ചിലേക്ക് മാറ്റുകയാണെന്നായിരുന്നു ആരോപണം.

ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരാണ് ആരോപണവുമായി രംഗത്ത് വന്നത്. ജസ്റ്റിസ്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടനില ശ്രമങ്ങള്‍ നടന്നെങ്കിലും ഇതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ജസ്റ്റിസുമാരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.