സമഗ്ര മേഖലകളെയും സ്പര്‍ശിച്ച ബജറ്റെന്ന് പ്രധാനമന്ത്രി: നിരാശാജനകമാണെന്ന് പ്രതിപക്ഷം

single-img
1 February 2018

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പൊതുബജറ്റ് സമഗ്ര മേഖലകളെയും സ്പര്‍ശിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

കര്‍ഷകനും ബിസിനസുകാരനും ഒരു പോലെ ഗുണംചെയ്യുന്ന ബജറ്റാണിതെന്നും കര്‍ഷക വരുമാനം വര്‍ധിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളെയും ഒരുപോലെ സ്പര്‍ശിച്ച ഈ ബജറ്റ് സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കര്‍ഷകരുടെ വരുമാനം നാലു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു. അതേസമയം ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷം. വാഗ്ദാനങ്ങളില്‍ അഭിരമിക്കുന്ന ബജറ്റ് സാധാരണക്കാര്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.

ബജറ്റ് ‘കര്‍ഷകരെയും സാധാരണക്കാരെയും ഉന്നമിട്ടുള്ള അധര വ്യായാമം’ മാത്രമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ‘വാചകമടി സേവനം’ മാത്രം വാഗ്ദാനം ചെയ്യുന്നതാണ് ബജറ്റെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പരിഹസിച്ചു.

അതേസമയം, സാമ്പത്തിക ഏകീകരണ പരീക്ഷണത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ദയനീയമായി പരാജയപ്പെട്ടെന്ന് യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി.ചിദംബരം അഭിപ്രായപ്പെട്ടു. ധനമന്ത്രിയുടെ ഈ പരാജയത്തിന് കടുത്ത പരിണിത ഫലങ്ങള്‍ ഉണ്ടാകുമെന്നും ചിദംബരം മുന്നറിയിപ്പു നല്‍കി.

കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ശ്രമിച്ചതെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് കാര്യമായി വിജയിക്കാനായില്ലെന്ന് മുന്‍ ധനമന്ത്രി കൂടിയായ ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. ദേവഗൗഡ അഭിപ്രായപ്പെട്ടു.

കര്‍ഷകരുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റം കൊണ്ടുവരാന്‍ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാല്‍, കര്‍ഷകരുടെയും ഗ്രാമീണ ജനതയുടെയും പ്രശ്‌നങ്ങള്‍ അതിനെല്ലാം അപ്പുറത്താണ്. അവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാന്‍-ദേവഗൗഡ പറഞ്ഞു.