ജനല്‍ചില്ലുകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടാല്‍…

single-img
31 January 2018

തിരുവനന്തപുരം: വീടുകളുടെ ജനല്‍ച്ചില്ലുകളില്‍ ചതുരാകൃതിയുള്ള കറുത്ത റബര്‍ സ്റ്റിക്കര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്ക. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘങ്ങളും കവര്‍ച്ചക്കാരുമാണു രാത്രികളില്‍ കൂട്ടാളികള്‍ക്കു സൂചന നല്‍കാന്‍ ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നതും ജനങ്ങളില്‍ ഭീതി വളര്‍ത്താന്‍ കാരണമായി.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തി. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. എല്ലാ സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണിതിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് മുമ്പും ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ രീതിയില്‍ ഇത്തരം സ്റ്റിക്കറുകള്‍ കണ്ടെത്തിയത് എങ്ങനെയെന്നത് പൊലീസിനെയും കുഴക്കിയിട്ടുണ്ട്.

ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ആരെങ്കിലും ചെയ്യുന്നതാകുമെന്നും പൊലീസ് കരുതുന്നു. ജനല്‍പാളികളില്‍ ഉപയോഗിക്കുന്ന ചില്ല്, ലോറികളില്‍ കൊണ്ടുവരുമ്പോള്‍ ഉരഞ്ഞു പൊട്ടാതിരിക്കാന്‍ ചില്ലുകള്‍ക്കിടയില്‍ പതിക്കാറുള്ള റബര്‍ സ്റ്റിക്കറാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സാധാരണ നിലയില്‍ വീട്ടുകാര്‍ ശ്രദ്ധിക്കാതിരുന്ന റബര്‍ കഷണങ്ങള്‍ ക്രിമിനല്‍ സംഘങ്ങള്‍ പതിക്കുന്നതാണെന്ന പ്രചാരണം ഉണ്ടായ ശേഷം കൂടുതലായി ശ്രദ്ധിക്കപ്പെട്ടതാവാനും സാധ്യതയുണ്ട്.