ഷാരൂഖ് ഖാന്റെ കോടികള്‍ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

single-img
31 January 2018

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ അലിബാഗിലെ ഒഴിവുകാല വസതി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചാണ് നടപടി. മഹാരാഷ്ട്രയിലെ കടല്‍തീര നഗരമായ അലിബാഗില്‍ 19960 ചതുരശ്ര അടി സ്ഥലത്താണ് ഷാരുഖ് ഫാം ഹൗസ് പണിതത്. കൃഷി ചെയ്യാനെന്ന പേരിലാണ് പഴയ കൃഷി സ്ഥലം സ്വന്തമാക്കി ഫാം ഹൗസ് നിര്‍മ്മിച്ചത്.

14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന ഹൗസിന് അതിന്റെ അഞ്ച് ഇരട്ടിയെങ്കിലും വിലമതിക്കുമെന്നാണ് കരുതുന്നത്. കുഷി ഭൂമിയില്‍ കെട്ടിടം പണിയുന്നതിന് അനുമതി ലഭിക്കില്ല എന്നതുകൊണ്ട് ദേജാവു ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ 2004ല്‍ ഭൂമി വാങ്ങിയത്. കൃഷിയാവശ്യത്തിന് വാങ്ങുന്നതെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്.

ദേജാവുവിന്റെ ഓഹരി പിന്നീട് ഷാരുഖും ഭാര്യ ഗൗരിയും സ്വന്തമാക്കി ആഡംബര കെട്ടിടം പണിയുകയുമായിരുന്നു. ദേജാവു ഫാംസ് അവിടെ കൃഷി നടത്തുകയോ വരുമാനം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഇത് ബിനാമി ഇടപാടിന്റെ പരിധിയില്‍ വരും എന്ന് കണ്ടാണ് ആദായനികുതി വകുപ്പിന്റെ നടപടി.