മാണിയെ തള്ളി പി.ജെ ജോസഫ്; ‘കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരല്ല’

single-img
31 January 2018

തിരുവനന്തപുരം: കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്ന കെ.എം മാണിയുടെ ആക്ഷേപത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷകവിരുദ്ധ നിലപാട് ഇല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ നിലപാടെടുക്കുന്ന ഒരു പാര്‍ട്ടിയല്ല.

മുന്‍പ് അങ്ങനെയുണ്ടായിരുന്നു. അത് പറഞ്ഞു തിരുത്തിയിട്ടുമുണ്ട്. പട്ടയ പ്രശ്‌നവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ഷവിരുദ്ധ നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് പി.ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിച്ഛായയില്‍ കെ.എം മാണി കഴിഞ്ഞദിവസം എഴുതിയ ലേഖനത്തില്‍ കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ നിലപാടുകളാണ് എടുത്തിട്ടുള്ളതെന്ന് പറഞ്ഞിരുന്നു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍, പട്ടയം തുടങ്ങിയ കാര്യങ്ങളിലെല്ലാം കര്‍ഷകര്‍ക്കെതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോഴാണ്.

കര്‍ഷകര്‍ക്ക് യാതൊരു സഹായവും ചെയ്യാന്‍ കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു.