ധനപ്രതിസന്ധി ഇല്ലെന്ന് ഐസക്ക്; രൂക്ഷമെന്ന് പ്രതിപക്ഷം: നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാഗ്വാദം

single-img
31 January 2018

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാഗ്വാദം. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

ധനമന്ത്രി തോമസ് ഐസക് കേന്ദ്രസര്‍ക്കാരിന്റെ വക്താവായി മാറിയിരിക്കുയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ധനമന്ത്രി യാഥാര്‍ത്ഥ്യങ്ങളെ മറച്ച് വെക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷനുകളും മുടങ്ങിക്കിടക്കുകയാണ്.

മൂന്ന് മാസത്തെ ട്രഷറി സ്തംഭനം തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കി. കരാറുകാര്‍ വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. സാമൂഹിക പെന്‍ഷന്‍ കൊടുത്തിട്ട് പത്തുമാസമായി. വിലയക്കയറ്റവും പെട്രോളിയം ഉത്പന്നങ്ങളുടെ വര്‍ധനലവും ഉണ്ടായിട്ടും അത് നികുതി വരുമാനത്തില്‍ കാണുന്നില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ധനമന്ത്രി തള്ളി. സംസ്ഥാനത്ത് വികസനസ്തംഭനം ഇല്ലെന്നും ധനസ്ഥിതിയെ കുറിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വരവും ചെലവും തമ്മിലുള്ള അന്തരം കൂടിയതാണ് താത്കാലികമായി പ്രതിസന്ധിക്ക് കാരണം.

ചെലവ് 22 ശതമാനം വര്‍ധിച്ചപ്പോള്‍ വരുമാനത്തിലുണ്ടായ വര്‍ധന 7.6 ശതമാനം മാത്രമാണ്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജിഎസ്ടി നടപ്പിലാക്കിയ രീതി തുടക്കത്തില്‍ പ്രതികൂലമായി ബാധിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.