മലപ്പുറത്ത് പതിനെട്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് തടവുശിക്ഷ

single-img
31 January 2018


പ്രായപൂര്‍ത്തിയാകാത്ത പതിനെട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസില്‍ അധ്യാപകനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി അഞ്ചു വര്‍ഷം തടവിനും പതിനായിരും രൂപ പിഴയടക്കാനും ശിക്ഷിച്ചു. മലപ്പുറം കണ്ണമംഗലം കിളിനിക്കോട് ഉത്താന്‍പള്ളിയാളിത്തൊടിക മുഹമ്മദിനെയാണ് ശിക്ഷിച്ചത്.

ആറു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചൈല്‍ഡ് ലൈന്‍ കോഓര്‍ഡിനേറ്റര്‍ എ.കെ.മുഹമ്മദ് സാലിഹ് വേങ്ങരയിലെ ഒരു സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ പങ്കെടുത്ത 34 വിദ്യാര്‍ഥികളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളായ 18 പേര്‍ അറബി അധ്യാപകന്‍ മുഹമ്മദിനെതിരെ പരാതി പറയുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വേങ്ങര എസ്‌ഐയായിരുന്ന ഹിദായത്തുള്ളയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്ന നിയമം പോക്‌സോ പ്രകാരം അഞ്ചു വര്‍ഷം തടവ്, 10000 രൂപ പിഴ, പിഴയടയ്ക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ്, 354ാം വകുപ്പനുസരിച്ച് മാനഭംഗത്തിന് രണ്ടു വര്‍ഷം തടവ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരം ആറുമാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.