കേന്ദ്രം ഇടപെട്ടു; അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും

single-img
31 January 2018

രണ്ട് വര്‍ഷത്തിലേറെയായി ദുബൈയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. 12 കേസുകളില്‍ 11 ഉം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായെങ്കിലും ഒരു കേസില്‍ പരാതിക്കാരായ ഗുജറാത്ത് സ്വദേശികള്‍ ഇടഞ്ഞുനില്‍ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനാണ് ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്.

ദുബായില്‍ 2015 മുതല്‍ ജയിലിലാണ് രാമചന്ദ്രന്‍. ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു.

ബാധ്യതാവിവരങ്ങള്‍ ഇദ്ദേഹംവഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറി. പുറത്തുവന്നാലുടന്‍ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്.

കടം വീട്ടാന്‍ അദ്ദേഹത്തിനു ശേഷിയുണ്ടെന്നു ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകള്‍ കൈമാറി എന്നാണു വിവരം. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി.യുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.