എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു ബലാത്സംഗം ചെയ്തു; കുട്ടിയുടെ നില ഗുരുതരം

single-img
30 January 2018

എട്ടുമാസം പ്രായുമുള്ള പെണ്‍കുഞ്ഞിനെ 28കാരനായ ബന്ധു ബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനത്തു തന്നെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പൂര്‍ ബസതി മേഖലയിലാണ് സംഭവം. ആക്രമണത്തിന് ഇരയായ കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണുള്ളത്.

ഞായറാഴ്ച വൈകിട്ട് ജോലിക്കുപോയ മാതാവു തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. സമീപത്തെ വീടുകളില്‍ ജോലി ചെയ്യുന്ന യുവതി കുട്ടികളെ ബന്ധുവായ സ്ത്രീക്കൊപ്പം ആക്കിയാണു പോയത്.

ഇവര്‍ പോയി കുറച്ചുകഴിഞ്ഞ് പ്രതിയായ ഇരുപത്തിയെട്ടുകാരന്‍ സ്ഥലത്തെത്തുകയും കുട്ടിയെ കളിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി കുഞ്ഞ് അബോധാവസ്ഥയിലായതോടെ പേടിച്ചു സ്ഥലം വിടുകയായിരുന്നു.

കുട്ടി രക്തത്തില്‍ കുളിച്ചുകിടക്കുന്നതു കണ്ടെത്തിയ മാതാവു മറ്റുള്ളവരെ വിവരമറിയിച്ചശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപ്രതി അധികൃതരാണു കുട്ടി പീഡനത്തിനിരയായ വിവരം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ അന്വേഷണമാരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.