കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്

single-img
30 January 2018

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പെന്‍ഷന്‍ പൂര്‍ണമായും കൊടുക്കാന്‍ നടപടിയുണ്ടാകും. ചില ബുദ്ധമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അതു സാമ്പത്തിക പ്രതിസന്ധികൊണ്ടാണ്. ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കെഎസ്ആര്‍ടിസി തന്നെ നല്‍കും. അതിനായി അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെഎസ്ആര്‍ടിസ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി നിരാശാജനകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പെന്‍ഷന്‍ എന്നു നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി പ്രത്യേകിച്ച് പെന്‍ഷന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി 20 മാസം പിന്നിടുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ 10 പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തു. ഈ ദുരവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കുന്നില്ലെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചു.