മോദി ഭക്തരുടേത് നുണ പ്രചരണം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാറ്റ് പെട്രോളിന് ചുമത്തുന്നത് ബി.ജെ.പി. ഭരിക്കുന്ന മഹാരാഷ്ട്രയും മധ്യപ്രദേശും: ഇന്ധന വിലവര്‍ധനവിന് കാരണം കേന്ദ്രസര്‍ക്കാര്‍

single-img
30 January 2018

ഇന്ധനവിലവര്‍ധനവില്‍ സംസ്ഥാന നികുതിയുടെ പേരില്‍ കേരളത്തെ കുറ്റപ്പെടുത്തുന്ന നുണപ്രചരണത്തെ പൊളിച്ചടുക്കി എംബി രാജേഷ് എംപി. കേന്ദ്രം എക്‌സൈസ് തീരുവ ഭീമമായി കൂട്ടിക്കൊണ്ടിരിക്കുന്നതിന്റെ യഥാര്‍ത്ഥ ഗുണം സംസ്ഥാനത്തിനാണെന്ന മോദി ഭക്തരുടെ നുണ പ്രചരണമാണ് എം ബി രാജേഷ് എംപി ഫേസ്ബുക്കിലൂടെ പൊളിച്ചടുക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു നുണയുടെ ദാരുണാന്ത്യം

ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിക്കാന്‍ മോദി ഭക്തര്‍ നടത്തുന്ന കല്ലുവച്ച നുണപ്രചരണത്തെ വസ്തുതകളും കണക്കും നിരത്തി പൊളിച്ചടുക്കുന്ന ജെയിംസ് വില്‍സണ്‍ന്റെ ഇംഗ്ലീഷിലുള്ള ഒരു കുറിപ്പു കാണുകയുണ്ടായി. സത്യം ജനങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ട് ആ ഇംഗ്ലീഷ് കുറിപ്പ് അവലംബമാക്കി ഇതെഴുതുന്നു.

ഇന്ധനവിലയുടെ റെക്കോര്‍ഡ് വിലക്കയറ്റത്തിന് ഇടയാക്കി കേന്ദ്രം എക്‌സൈസ് തീരുവ ഭീമമായി കൂട്ടിക്കൊണ്ടിരിക്കുന്നതിന്റെ യഥാര്‍ത്ഥ ഗുണം സംസ്ഥാനത്തിനാണെന്നാണ് മോദി ഭക്തര്‍ കൂസലില്ലാതെ പറഞ്ഞു പരത്തുന്ന നുണ. സംസ്ഥാന നികുതിക്കു പുറമേ കേന്ദ്രം ചുമത്തുന്ന ഭീമമായ എക്‌സൈസ് നികുതിയുടെ 42% കൂടി വാങ്ങി ‘സേവിച്ചിട്ടാ’ണ് കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് എന്നാണല്ലോ ഇവരുടെ ആരോപണം.

സത്യം എന്താണെന്നു നോക്കൂ. ഒന്നാമതായി, കേന്ദ്ര എക്‌സൈസ് തീരുവയുടെ 42% മുഴുവന്‍ കേരളത്തിനല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ജനസംഖ്യാനുപാതികമായിട്ടാണ് ഈ 42% വീതിക്കുന്നത്. (ഇക്കാര്യം ടി.വി.ചര്‍ച്ചകളില്‍ ഞാന്‍ പതിവായി ചൂണ്ടിക്കാണിക്കുന്നതാണ്).

അതും ആകെ എക്‌സൈസ് ഡ്യുട്ടിയായ 21.48 രൂപയുടെ 42% അല്ല. അടിസ്ഥാന ഡ്യൂട്ടിയായ 8.48 രൂപയുടെ 42% മാത്രം. ഇതില്‍ ജനസംഖ്യാനുപാതികമായി കേരളത്തിന് ലഭിക്കുക 2.5% മാത്രമാണ്. അതായത് 8.48 രൂപയുടെ 42% ആയ 3.56 രൂപയുടെ 2.5%. ജനസംഖ്യാനുപാതകമായി കേരളത്തിന് ആകെ കിട്ടുന്നത് ഈ 3.56 രൂപയുടെ 2.5% മാത്രം.!

അതാകട്ടെ ലിറ്ററിന് വെറും 8.9 പൈസയും!! അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി മാത്രമേ നിയമപ്രകാരം സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതുള്ളൂ എന്നതുകൊണ്ട് മൂന്നരവര്‍ഷത്തിനിടയില്‍ കൂട്ടിയതെല്ലാം അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും (ആറു രൂപ) സ്‌പെഷ്യല്‍ അഡീഷണല്‍എക്‌സൈസ് ഡ്യൂട്ടിയുമായിരുന്നു(7 രൂപ).

മൂന്നും ചേര്‍ത്ത് ആകെ 21.48 രൂപ.(ഫിനാന്‍സ് ആക്ട് (നമ്പര്‍2) 1998, III ാംവകുപ്പിന്റെ 4ാം ഉപവകുപ്പ് പ്രകാരം അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും ഫിനാന്‍സ് ആക്ട് 2002, വകുപ്പ് 147 ന്റെ ഒന്നാം ഉപവകുപ്പ് പ്രകാരം സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയും കേന്ദ്രത്തിന് മാത്രമുള്ളതാണ്) സംസ്ഥാനങ്ങള്‍ക്ക് ഒരു ചില്ലിക്കാശു പോലും ഇതില്‍ നിന്നില്ല.

സംസ്ഥാനങ്ങളുമായി പങ്കുവക്കേണ്ട തീരുവ കൂട്ടാതെ കേന്ദ്രത്തിനു മാത്രം ലഭിക്കുന്ന തീരുവകള്‍ മാത്രം കുത്തനെ കൂട്ടിയ കുടിലബുദ്ധി എങ്ങനെയുണ്ട്? 201718 ലെ റസീപ്റ്റ് ബജറ്റനുസരിച്ച് ഈ കൊള്ളയിലൂടെ കേന്ദ്രത്തിന് മാത്രം കിട്ടിയ നികുതി വരുമാനം 1,02,550 കോടി രൂപ.

ഇതിനുപുറമേ അടിസ്ഥാന എക്‌സൈസ് തീരുവയുടെ 58% വും കേന്ദ്രത്തിനു തന്നെ. സംസ്ഥാന നികുതിയുടെ പേരില്‍ കേരളത്തെ കുറ്റപ്പെടുത്തുന്ന മോദി ഭക്തര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാറ്റ് പെട്രോളിന് ചുമത്തിയിട്ടുള്ളത് ബി.ജെ.പി.ഭരിക്കുന്ന മഹാരാഷ്ട്രയും (46.52%) മധ്യപ്രദേശും(38.79%) ആണെന്ന സത്യം കാവിനിറമുള്ള നുണകൊണ്ട് മറയ്ക്കുന്നു.

ഇനി എന്തുപറയാനുണ്ട് മോദിഭക്തര്‍ക്ക്?