ആര്‍എസ്എസ് ചിന്തകന്‍ പി.പരമേശ്വരന് പത്മവിഭൂഷണ്‍ നല്‍കിയത് എം.ടിയെ ‘വെട്ടി’: കേരളത്തിന്റെ പത്മ ശുപാര്‍ശപ്പട്ടിക കേന്ദ്രസര്‍ക്കാര്‍ വെട്ടിനിരത്തി

single-img
30 January 2018

തിരുവനന്തപുരം: 2018ലെ പത്മാ അവാര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 35 പേരുടെ പട്ടികയിലെ 34പേരേയും തള്ളി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനം നല്‍കിയ പട്ടികയില്‍ നിന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

എല്ലാ സംസ്ഥാനങ്ങളും പത്മാ പുരസ്‌കാരങ്ങള്‍ക്കായി വ്യക്തികളുടെ പേരുകള്‍ ശുപാര്‍ശ ചെയ്യാറുണ്ടെങ്കിലും അതിലുള്ള മുഴുവന്‍ പേര്‍ക്കും പുരസ്‌കാരം ലഭിക്കാറില്ല. എന്നാല്‍ ഇത്രയേറെ പേരെ സംസ്ഥാനം നിര്‍ദേശിച്ചിട്ടും ഒരാളെ മാത്രം പരിഗണിച്ചത് അസാധാരണമായ സംഭവമാണ്.

പി.പരമേശ്വരനാണ് ഇത്തവണ പത്മവിഭൂഷണ്‍ ലഭിച്ച ഏക മലയാളി. എന്നാല്‍ പത്മവിഭൂഷണിനായി കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത് സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരെയായിരുന്നു. അതായത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്നാണ് ബി.ജെ.പി സര്‍ക്കാര്‍ ആര്‍.എസ്.എസ് ചിന്തകന്‍കൂടിയായ പരമേശ്വരന് പത്മവിഭൂഷണ്‍ നല്‍കിയത്.

മമ്മൂട്ടി, മോഹന്‍ലാല്‍, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നിവരെയാണ് പത്മഭൂഷണിനായി കേരളം ശുപാര്‍ശ ചെയ്തത്. ഇതില്‍ അഞ്ച് പേരുകള്‍ തള്ളി മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മാത്രം പുരസ്‌കാരം നല്‍കി.

സൂര്യാ കൃഷ്ണമൂര്‍ത്തി, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, നെടുമുടി വേണു, ഡോ. വി.പി. ഗംഗാധരന്‍, ഡോ.ബി. ഇക്ബാല്‍, ഐ.എം.വിജയന്‍, ടി. പത്മനാഭന്‍, സി.രാധാകൃഷ്ണന്‍, എം.കെ.സാനു തുടങ്ങി 35 പേരെ പത്മശ്രീ പുരസ്‌കാരത്തിന് സംസ്ഥാനം ശുപാര്‍ശ ചെയ്തിരുന്നതായും പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ പട്ടിക പൂര്‍ണമായും തള്ളി, സര്‍ക്കാരിന്റെ പട്ടികയില്‍ ഇല്ലാതിരുന്ന ഡോ. എം.ആര്‍.രാജഗോപാല്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ക്കാണ് പത്മശ്രീ നല്‍കിയത്. കണ്‍വീനര്‍ എ.കെ. ബാലന്‍ അടക്കം അഞ്ച് മന്ത്രിമാരടങ്ങിയ സമിതി തയാറാക്കിയ പട്ടികയാണ് കേന്ദ്രം തള്ളിക്കളഞ്ഞത്.