ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി സിപിഎം

single-img
30 January 2018


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന പ്രചരണം തള്ളി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നു ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയ്ക്ക് സെലിബ്രറ്റി സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിനു ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

സജി ചെറിയാന്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍, കുടിവെള്ള പദ്ധതികളും അടിസ്ഥാനസൗകര്യമേഖലയിലെ വികസനവും വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

സജി ചെറിയാനു പുറമെ, മുന്‍ എം പിയും സിപിഎം സംസ്ഥാനക്കമ്മറ്റി അംഗവുമായ സി എസ് സുജാത, ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ വിശ്വംഭര പണിക്കര്‍ എന്നിവരെയാണ് സിപിഎം ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതെന്നാണ് സൂചന.