ഒറ്റ നമ്പര്‍ വ്യാജ ലോട്ടറി; സംസ്ഥാനത്ത് 60 പേര്‍ അറസ്റ്റില്‍: ഇ വാര്‍ത്ത ഇംപാക്ട്

single-img
30 January 2018

സംസ്ഥാനത്ത് ലോട്ടറി കടകള്‍ കേന്ദ്രീകരിച്ച് ഒറ്റയക്ക വ്യാജ ലോട്ടറി നടത്തി വന്ന 60 പേരെ അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് രഹസ്യമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് അറസ്റ്റ്. 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍, മലപ്പുറം, കൊല്ലം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. കേരളത്തിലെ വ്യാജ ലോട്ടറിക്കെതിരെ ‘ഇ വാര്‍ത്ത’ നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.

മലപ്പുറം കൊണ്ടോട്ടിയില്‍ ഏഴുപേരും മങ്കടയില്‍ ഒരാളും മഞ്ചേരിയില്‍ ആറുപേരുമാണ് അറസ്റ്റിലായത്. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള മഹാലക്ഷ്മി ലോട്ടറി കട ഉടമ കരുവമ്പ്രം പൊട്ടക്കുളങ്ങര ഉണ്ണികൃഷ്ണന്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ ജെ.കെ.ലോട്ടറി ഉടമ പുല്ലഞ്ചേരി ഞെണ്ടുകണ്ണി സൈതലവി, മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിനകത്തെ ഉദയം ലോട്ടറീസ് ഉടമ കരുവമ്പ്രം വെസ്റ്റ് പള്ളിക്കത്തൊടിക അജിത്, വിഷ്ണു ലോട്ടറി സെന്റര്‍ ഉടമ മഞ്ചേരി വികാസിലെ ആര്‍.സുബ്രഹ്മണ്യന്‍, യു.കെ.ലോട്ടറി കട മാനേജര്‍ മഞ്ചേരി കരുവമ്പ്രം പാക്കറത്ത് ശങ്കരന്‍, മഞ്ചേരി വിഘ്‌നേശ്വരാ ലോട്ടറി കട ഉടമ കോളേജ് റോഡിലെ അരീക്കല്‍ സേതുനാഥന്‍, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേരി സിഐ എന്‍.ബി.ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കടകളില്‍ പരിശോധന നടത്തി അനധികൃത ലോട്ടറി പിടികൂടിയത്. ആറ് ലോട്ടറി കടകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി നറുക്കെടുപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജലോട്ടറി സംവിധാനമാണിത്.

സമ്മാനമടിക്കുന്ന ലോട്ടറിയുടെ അവസാന നമ്പറുകള്‍ എഴുതിവാങ്ങുകയും സംസ്ഥാന ലോട്ടറിയുടെ ഫലം വന്നാല്‍ എഴുതിച്ചയാള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യലാണ് രീതി. പത്തുരൂപയാണ് ഒരു നമ്പറിന്. സമ്മാനമടിച്ചാല്‍ എഴുതിയയാള്‍ക്ക് 5,000 രൂപവരെ ലഭിക്കും.

നേരത്തെ ഇത്തരം ലോട്ടറി നടത്തിയ മഞ്ചേരി, തൃക്കലങ്ങോട്, എളങ്കൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നു കടകളില്‍ പരിശോധന നടത്തി വ്യാജ ലോട്ടറി നടത്തിവന്നവരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം സമ്മാനത്തിന്റെ അവസാന മൂന്നക്കത്തിന് 5000 രൂപ രണ്ടാം സമ്മാനം 500, മൂന്നാം സമ്മാനം 250, നാലാം സമ്മാനത്തിന് 100 രൂപ എന്നിവയാണ് സമ്മാനമായി നല്‍കിയിരുന്നത്.

കേരള ലോട്ടറി നിയമം 1998 പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാജ ലോട്ടറിക്കെതിരെ ശക്തമായ റെയ്ഡ് തുടരുമെന്ന് പോലീസ് ‘ഇ വാര്‍ത്ത’യോട് പറഞ്ഞു.