ബിനോയ് ദുബായിലുണ്ട്; ‘അറബി’ ഇവിടെ വന്ന് കഷ്ടപ്പെടേണ്ടെന്ന് കോടിയേരി

single-img
30 January 2018

തൃശൂര്‍: മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിയുമായോ താനുമായോ യാതൊരു ബന്ധവും ഇല്ലാത്ത ഇടപാടുകള്‍ക്ക് തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കോടിയേരി.

പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ജാസ് ടൂറിസം കമ്പനി ഉടമസ്ഥന്‍ കേരളത്തിലേക്ക് വരുന്നു എന്നാണ് പറയുന്നത്. തന്റെ മകന്‍ ബിനോയ് ദുബായിലുള്ളപ്പോള്‍ ‘അറബി’ (യു.എ.ഇ പൗരന്‍) എന്തിനാണ് ഇവിടേക്ക് വരുന്നത്. ദുബായില്‍ വച്ച് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ അവിടത്തെ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിച്ചോട്ടെ. എന്നാല്‍, ഇല്ലാത്ത ഒരു പ്രശ്‌നം തീര്‍ക്കുന്നത് എങ്ങനെയാണെന്നും കോടിയേരി ചോദിച്ചു.

അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെ. മാധ്യമവാര്‍ത്തയില്‍ തകരുന്നതല്ല പാര്‍ട്ടിയെന്നും കോടിയേരി പറഞ്ഞു. പണമിടപാട് വിഷയത്തില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല.

ആരും തന്നെ ബന്ധപ്പെട്ടിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഞാനുമായി ബന്ധപ്പെട്ട് ഒരു ബിസിനസ്സും നടന്നിട്ടില്ല. ഇതിലൊന്നും താന്‍ ഇടപെട്ടിട്ടുമില്ല. അതിനാല്‍ തന്നെ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.