അണ്ടര്‍ 19 ലോകകപ്പ്: പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

single-img
30 January 2018


ചിരവൈരികളായ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ച് ഇന്ത്യ അണ്ടര്‍19 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. 203 റണ്‍സിന്റെ കൂറ്റന്‍ ജയവുമായാണ് നീലപ്പട ഫൈനലിലേക്ക് കുതിച്ചത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടു നല്‍കി നാലു വിക്കറ്റെടുത്ത ഇഷാന്‍ പൊറേലിന്റെ മികവാണ് ഇന്ത്യക്കു തുണയായത്.

റിയാന്‍ പരാഗ് നാലു ഓവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശിവ സിങ് എട്ടു ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. അനുകൂല്‍ സുധാകര്‍ റോയ്, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും. ബാറ്റിങ്ങില്‍ പാക്കിസ്ഥാന്റെ മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത് റൊഹൈല്‍ നാസിര്‍(18), സാദ് ഖാന്‍(15), മുഹമ്മദ് മൂസ(11).

നേരത്തെ സെഞ്ചുറി നേടിയ ശുഭം ഗില്ലിന്റെ മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്. ഏഴു ഫോറിന്റെ അകമ്പടിയോടെ 94 പന്തില്‍ നിന്നായിരുന്നു ഗില്ലിന്റെ 102 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിങ്ങില്‍ പൃഥ്വി ഷായും മഞ്‌ജോത് കൈറയും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

41 റണ്‍സടിച്ച പൃഥ്വി ഷായെ റണ്‍ഔട്ടാക്കി മുഹമ്മദ് മൂസയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത കൈറയും പുറത്തായി. ഒരു വശത്ത് ശുഭം ഗില്‍ പൊരുതിയപ്പോള്‍ മറുവശത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു. ഹാര്‍വിക് ദേശായി 20 റണ്‍സടിച്ച് പുറത്തായപ്പോള്‍ രണ്ട് റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സമ്പാദ്യം.

അഭിഷേക് ശര്‍മ്മ (5), നാഗര്‍കോട്ടി(1),ശിവം മവി(10), ശിവ സിങ്ങ് (1) എന്നിവരും വിന്നനഴിയേ ക്രീസ് വിട്ടു. 33 റണ്‍സടിച്ച അങ്കുല്‍ റോയി മാത്രമാണ് വാലറ്റത്തില്‍ അല്‍പം പിടിച്ചുനിന്നത്. 10 ഓവറില്‍ 67 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മുഹമ്മദ് മൂസയും 51 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷാദ് ഇഖബാലുമാണ് പാകിസ്താന്റെ ബൗളിങ്ങില്‍ തിളങ്ങിയത്.