‘രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് പെന്‍ഷന്‍കാര്‍’: കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി

single-img
30 January 2018

കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാരിന് ശക്തമായ താക്കീതുമായി ഹൈക്കോടതി. വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയേ മതിയാവൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പെന്‍ഷന്‍ വിരമിച്ച തൊഴിലാളികളുടെ അവകാശമാണ്. അത് നല്‍കാതിരിക്കാനോ അനന്തമായി നീട്ടിക്കൊണ്ടുപോകാനോ ആര്‍ക്കും കഴിയില്ല.

ജോലി ചെയ്യുന്ന കാലത്ത് രക്തവും വിയര്‍പ്പം ഒഴുക്കിയ ജീവനക്കാരാണ് പെന്‍ഷനുവേണ്ടി കാത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനോ നീട്ടിക്കൊണ്ടുപോകാനോ മതിയായ കാരണമല്ല. ദിവസ വരുമാനത്തിന്റെ പത്ത് ശതമാനം പെന്‍ഷനായി മാറ്റിവയ്ക്കണമെന്ന മുന്‍ ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ ടി സിയില്‍നിന്ന് വിരമിച്ചവരുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സാധിക്കാത്തതെന്നായിരുന്നു കെ എസ് ആര്‍ ടി സി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കണമെന്നും പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു.