നിലപാട് ആവര്‍ത്തിച്ച് പൊലീസ്; ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ല

single-img
30 January 2018


നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍, കേസിലെ പ്രതി ദിലീപിന് നല്‍കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പൊലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ നിലപാട് ആവര്‍ത്തിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുളള രേഖാമൂലമുളള റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇക്കാര്യം കേസ് വിസ്താര വേളയില്‍ തെളിയിക്കാനായി ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ദിലീപിന്റെ വാദം.

മുഖ്യപ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തോടൊപ്പം പോലീസ് ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പുകളും വേണമെന്നാണ് ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഈ തെളിവുകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നൂറിലേറെ രേഖകള്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി.