അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

single-img
30 January 2018

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലും തുടര്‍ന്നു നിയമസഭയിലും വിഷയം ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ഉറപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സംഘടനാ ഭാരവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചു.

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് നിരക്കു വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകളുടെ സംഘടകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദുചെയ്ത നടപടി പിന്‍വലിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സും ഇന്‍ഷ്വറന്‍സ് പ്രീമിയവും പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിക്കുന്നു.