സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം

single-img
30 January 2018

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചത്.

2014 ന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അന്‍പതു ശതമാനമാക്കി ഉയര്‍ത്തണമെന്നും ബസ് ഉടമ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം അനിശ്ചിതകാല സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി വൈകിട്ട് ചര്‍ച്ച നടത്തും.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തില്‍ പണിമുടക്ക് പരമാവധി ഒഴിവാക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. നാലുവര്‍ഷം മുമ്പാണ് അവസാനമായി ബസ് ചാര്‍ജ് കൂട്ടിയത്. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടിയിട്ട് ആറുവര്‍ഷം കഴിഞ്ഞു. മിനിമം ചാര്‍ജ് ഒരു രൂപ കൂട്ടിയാലും വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടിയില്ലെങ്കില്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

മിനിമം ചാര്‍ജ് പത്തുരൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷെ നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വര്‍ധന ഉടന്‍ പ്രഖ്യാപിക്കാനിടയില്ല, മാത്രമല്ല എ.കെ ശശീന്ദ്രന്‍ ഗതാഗതമന്ത്രിയായി ചുമതലയേല്‍ക്കുമെന്നിരിക്കെ വകുപ്പിന്റ താല്‍ക്കാലിക ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കാനും സാധ്യതയില്ല.