ബിനോയ് കോടിയേരിക്ക് ദുബൈ കമ്പനിയുടെ അന്ത്യശാസനം

single-img
30 January 2018

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണമിടപാടു കേസില്‍ അന്ത്യശാസനവുമായി ദുബായ് കമ്പനി. ഫെബ്രുവരി അഞ്ചിനകം പണമിടപാട് ഒത്തുതീര്‍പ്പാക്കണമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.

അല്ലാത്ത പക്ഷം വാര്‍ത്താസമ്മേളനം നടത്തി എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും കമ്പനി ഉടമയും യു.എ.ഇ പൗരനുമായ ഹസന്‍ ഇസ്മയീല്‍ അബ്ദുല്ല അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്‍ മധ്യസ്ഥരെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോടതിയില്‍ പണം അടച്ച് കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ബിനോയ് പറഞ്ഞതിന് പിന്നാലെയാണ് കമ്പനി അന്ത്യശാസനവുമായി രംഗത്ത് വന്നത്. അതിനിടെ, ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയിലെത്തി.

ഡല്‍ഹിയിലാണ് മര്‍സൂഖി ഇപ്പോള്‍ ഉള്ളതെന്നാണ് വിവരം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് കമ്പനി അധികൃതര്‍ സമയം തേടിയിട്ടുമുണ്ടെന്നാണ് വിവരം. സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാനാവത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ഇടപെടുവിക്കാനുള്ള ശ്രമം കമ്പനി നടത്തുന്നത്.

അടുത്ത തിങ്കളാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് മാദ്ധ്യമങ്ങളെ കാണുമെന്ന് മര്‍സൂഖി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് മുമ്പാണ് ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ മുഖേനയാവും വാര്‍ത്താസമ്മേളനം നടത്തുക. വാര്‍ത്താസമ്മേളനത്തിനായി ഹാള്‍ ബുക്ക് ചെയ്ത് പണം അടച്ചതായും വിവരമുണ്ട്.

സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവത്തില്‍ ബിനോയിക്കെതിരെ കേസൊന്നും നിലവിലില്ലെന്ന് രേഖകള്‍ നിരത്തിയാണ് പാര്‍ട്ടി പ്രതിരോധം തീര്‍ത്തത്. എന്നാല്‍, മര്‍സൂഖി കേരളത്തില്‍ എത്തുന്നതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ബിനോയ് കോടിയേരി 13 കോടി തട്ടിയെടുത്തുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാഹുലിന്റേയും പരാതി.