വളര്‍ച്ചാ നിരക്ക് 7.5ശതമാനം ആകുമെന്ന് സാമ്പത്തിക സര്‍വേ: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂടും

single-img
29 January 2018

ന്യൂഡല്‍ഹി: 2018-19ല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനം ആകുമെന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നിലവില്‍ 6.75 ശതമാനമാണ് നിരക്ക്. എണ്ണവില വര്‍ദ്ധന സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുകയെന്നത് കടുത്തവെല്ലുവിളിയാണ്. ഉയരുന്ന ഇന്ധനവില സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാവും. വ്യാവസായിക വളര്‍ച്ച 4.4 ശതമാനവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ടിയും പൊതുമേഖല ബാങ്കുകളുടെ അടത്തറ ശക്തിപ്പെടുത്തിയതുമാണ് രണ്ടാം പാദത്തില്‍ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപ സ്വീകരണത്തിലെ ഉദാരവത്ക്കരണവും ഉയര്‍ന്ന കയറ്റുമതിയും വളര്‍ച്ചയ്ക്ക് അവസരംനല്‍കി. തൊഴില്‍, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധനവ് ഉണ്ടാവുമെന്നും സര്‍വേയില്‍ പറയുന്നു. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതാണ് ഇതിന് കാരണം. എങ്കിലും വിലക്കയറ്റം 4.5 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായി കുറക്കാനാകുമെന്നാണ് കരുതുന്നത്.