പിണറായി സ്വേച്ഛാധിപതിയെന്ന് സിപിഐ: ‘വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തം’

single-img
29 January 2018

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ ചൈനാ അനുകൂല പ്രസംഗത്തിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തമാണ്. വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്നും കാനം പറഞ്ഞു.

കൊല്ലത്ത് സി.പി.ഐയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം. പിണറായി സ്വേച്ഛാധിപതിയെന്നും സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിന്റെ തെളിവായിരുന്നു മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംഭവമെന്നും സിപിഐ ചൂണ്ടിക്കാണിക്കുന്നു.

റവന്യൂമന്ത്രിയോട് പോലും ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിന് അടിവരയിടുന്ന സംഭവമാണ്. മന്ത്രിമാരുടെ മുകളിലൂടെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കയ്യടക്കുന്നുവെന്നും കേരളം കണ്ടിട്ടില്ലാത്ത അധികാര പ്രമത്തതയാണ് മുഖ്യമന്ത്രിക്കെന്നും സിപിഐ ആരോപിക്കുന്നു. ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനമുള്ളത്.