പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില: സംസ്ഥാനത്ത് ഡീസല്‍ വില എഴുപതിലേക്ക്

single-img
29 January 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസലിനു റെക്കോഡ് വില. ലിറ്ററിന് 69.30 രൂപയാണ് തിരുവനന്തപുരത്തെ വില. കേരളത്തില്‍ ഇതാദ്യമായാണ് ഡീസലിന് ഇത്രയും വലിയ വില വരുന്നത്. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക് എത്തിയിരിക്കുന്നത്.

പെട്രോള്‍ വിലയും കുതിക്കുകയാണ്. തിരുവനന്തപുരത്ത് 76.68 രൂപയായി പെട്രോള്‍ വില. മുംബൈയില്‍ 80.64 രൂപയാണ് രണ്ടാഴ്ചയായി പെട്രോളിന് ശരാശരി 15 പൈസ വീതവും ഡീസലിന് 20 പൈസ വീതവും ഓരോ ദിവസവും കൂട്ടി. ഡീസല്‍വില കൂടിയതോടെ അവശ്യസാധനവിലയും കുതിക്കുകയാണ്.

ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി ലിറ്ററിന് 11.48 രൂപ ആയിരുന്നത് ഇപ്പോള്‍ 19.48 രൂപയാണ്. 69 ശതമാനമാണ് വര്‍ധന. ഡീസലിന്റെ കേന്ദ്രനികുതി 4.46 രൂപ ആയിരുന്നത് ഇപ്പോള്‍ 15.33 രൂപയായി.

ക്രൂഡോയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത്. ഡീസല്‍വില വര്‍ധിപ്പിച്ചതോടെ ചരക്ക് കടത്ത് കൂലി കൂടി. ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 30 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.