മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കണമെന്ന് രാഷ്ട്രപതി

single-img
29 January 2018

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബില്‍ പാസാക്കുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇരു സഭകളേയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വയം സഹായ സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ജലസേചനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

അടല്‍ പെന്‍ഷന്‍ സ്‌കീം 80ലക്ഷം ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടു. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും. ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും എല്ലാവര്‍ക്കും വീടെന്ന സ്വപ്നം 2022ഓടെ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:

. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമാണ് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന കൊടുക്കുന്നത്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

.  ജോലി ചെയ്യുന്ന വനിതകളുടെ പ്രസവാവധി 26 ആഴ്ചയാക്കി പാര്‍ലമെന്റ് ബില്‍ പാസാക്കി.

.  പെണ്‍കുട്ടികള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പ്രചാരണം തുടങ്ങിയത്. ആദ്യം 161 ജില്ലകളില്‍ മാത്രമായിരുന്നു. ഇപ്പോഴത് 640 ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്.

. മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാര്‍ഷികം 2019ല്‍ കൊണ്ടാടുമ്പോള്‍ രാജ്യം പൂര്‍ണമായി വൃത്തിയാക്കിയാണ് നമ്മള്‍ ആദരവു കാണിക്കേണ്ടത്.

.  2018 ഇന്ത്യയുടെ വര്‍ഷമാണ്. ഈ യാത്രയില്‍ അംഗങ്ങളെല്ലാം നിര്‍ണായക പങ്കു വഹിക്കുമെന്നാണ് കരുതുന്നത്.