ഇന്ത്യയില്‍ ഗര്‍ഭനിരോധന ഉറകള്‍ കൂടുതലായി ഉപയോഗിക്കുന്നത് അവിവാഹിതരായ 20നും 24നും ഇടയിലുള്ള പെണ്‍കുട്ടികള്‍: ദേശീയ ആരോഗ്യ സര്‍വേ

single-img
29 January 2018


രാജ്യത്തെ അവിവാഹിത സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. പത്തു വര്‍ഷം മുമ്പ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം രണ്ട് ശതമാനം ആയിരുന്നത് ഇപ്പോള്‍ 12 ശതമാനമായാണ് ഉയര്‍ന്നത്.

20നും 24നും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഗര്‍ഭനിരോധന ഉറകള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്നും 2015 16ലെ ദേശീയ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 15നും 45നും ഇടയിലുള്ള അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനയാണുണ്ടായത്.

അതേസമയം, രാജ്യത്തെ 99 ശതമാനം സ്ത്രീകള്‍ക്കും ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15നും 49നും ഇടയിലുള്ള പുരുഷന്മാരും ഇതേക്കുറിച്ച് ബോധവാന്മാരാണ്. 15നും 49നും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ ആകെ നിരക്ക് 54 ശതമാനാണ്.

ഇവരില്‍ പത്ത് ശതമാനം മാത്രമെ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുള്ളൂ. സമൂഹത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും പരമ്പരാഗതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഏറ്റവും കുറവുള്ളത് മണിപ്പൂര്‍, ബീഹാര്‍, മേഘാലയ എന്നിവിടങ്ങളിലാണ്, 24 ശതമാനം. 76 ശതമാനവുമായി പഞ്ചാബാണ് മുന്നില്‍.