ഉത്തര്‍പ്രദേശില്‍ സമുദായ സംഘര്‍ഷം വ്യാപിക്കുന്നു;ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു

single-img
28 January 2018

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ വ്യാപിക്കുന്നു. അതിനിടെ, സമൂഹമാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നത് ഒഴിവാക്കാൻ പടിഞ്ഞാറൻ യുപിയിൽ ഞായറാഴ്ച രാത്രി 10 മണിവരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.ജില്ലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് സംഘര്‍ഷം. തിരങ്കയാത്ര എന്ന പേരില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

ചില സാമൂഹിക വിരുദ്ധർ പ്രദേശത്തെ മുസ്‌ലിം പള്ളിയുടെ ഗേറ്റ് തകർക്കാൻ ശ്രമിച്ചതായും അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അനന്ത് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. എന്നാൽ പൊലീസ് സമയത്ത് എത്തിയതോടെ ഇവർ ഓടി രക്ഷപ്പെട്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു. സംഭവത്തിൽ രണ്ടുകേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒന്‍പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ അറിയിച്ചു. നാൽപ്പതോളം പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.