ലോയ കേസ്; മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച രേഖകളിൽ നിഗൂഢത

single-img
28 January 2018

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിൽ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിഗൂഢത എന്ന് റിപ്പോർട്ട്. ‘കാരവൻ’ മാഗസിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളുടെയും, സംസ്ഥാന ഇന്റലിജൻസ് വകുപ്പ്(എസ് ഐ ഡി) സമർപ്പിച്ച റിപ്പോർട്ടിന്റെയും നിരീക്ഷണാടിസ്ഥാനത്തിലാണ് ‘കാരവൻ’ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ലോയയെ പ്രവേശിപ്പിച്ച നാഗ്പൂരിലെ ദാന്തെ ആശുപത്രിയിൽ ഇ സി ജി മെഷീൻ തകരാറിലായിരുന്നുവെന്നും അതിനാൽ ഇ സി ജി എടുത്തിരുന്നില്ല എന്നുമാണ് മരണ സമയത്ത്‌ കൂടെയുണ്ടായിരുന്ന മൂന്നു ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് രൂപേഷ് രതിയുടെ മൊഴി. എന്നാൽ പിന്നീട് ദാന്തെ ആശുപത്രിയുടെ തന്നെ ഇ സി ജി ചാർട്ട് പുറത്തു വന്നിരുന്നു. ഇതിൽ സംശയം ഉയർത്തുന്നു എന്ന് കാരവൻ തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതുവരെ ഇ സി ജി ചാർട്ട് ലഭിച്ചിട്ടില്ല എന്ന് മെഡിട്രിന ആശുപത്രിയിലെ ഡോക്ടറായ നിനട് ഗവാന്തെ കാരവനോട് പറഞ്ഞു.

മെഡിട്രിന ഹോസ്പിറ്റലിലെ ബില്ലിൽ നാടിവ്യൂഹ ശസ്ത്രക്രിയയ്ക്കുള്ള ഫീസ് ഈടാക്കിയതാണ് മറ്റൊരു ദുരൂഹതയായി കാരവൻ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയാഘാതവുമായി വന്ന ആൾക്ക് നാടി വ്യൂഹ ശസ്ത്രക്രിയ എന്നത് ചോദ്യങ്ങൾ ഉയർത്തുന്നു എന്നും മാഗസിൻ പറയുന്നുണ്ട്.

നാഗ്പൂരിലെ സിതാബുൽദി പോലീസ് സ്റ്റേഷനും സദാർ പോലീസ് സ്റ്റേഷനുമാണ് ലോയയുടെ മരണത്തിന്റെ റിപ്പോർട്ട് തയ്യാറാക്കിയത്. മരണം സംഭവിച്ചത് 2014 നവംബര് 30 രാവിലെ 6:15 എന്ന റിപ്പോർട്ട് 2014 നവംബര് 1 രാവിലെ 6:14 എന്നായി. സർക്കാർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഈ സമയം മാറ്റത്തെ കുറിച്ച ഒന്നും തന്നെ സൂചിപ്പിക്കുന്നില്ല എന്ന് കാരവൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

2014 ഡിസംബർ 1 നാണു ലോയ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. ജസ്റ്റിസ് വാദം കേൾക്കുന്ന ബി ജെ പി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസ് നടക്കുന്നതിനിടയിലാണ് മരണം.