അപവാദ പ്രചാരകര്‍ക്ക് ചുട്ട മറുപടി നല്‍കി എം സ്വരാജ് എംഎല്‍എ

single-img
28 January 2018

മാധ്യമപ്രവര്‍ത്തക ഷാനിപ്രഭാകറിനെയും തന്നെയും ചേര്‍ത്ത് നടത്തിയ അപവാദപ്രചരണത്തിനെതിരെ എം സ്വരാജ് എംഎല്‍എ രംഗത്ത്.ഫേസ്ബുക്കിലൂടെയാണ് സ്വരാജ് മറുപടി നല്‍കിയിരിക്കുന്നത്. ഷാനി പ്രഭാകരന്‍ തന്നെ സന്ദര്‍ശിച്ചതില്‍ എന്തിനാണ് ഇത്രമാത്രം ചര്‍ച്ചകള്‍ നടത്തുന്നതെന്ന് സ്വരാജ് തന്‍റെ പോസ്റ്റില്‍ ചോദിക്കുന്നു.

പലവിഷയങ്ങളിലെ വിയോജിപ്പുകള്‍ക്കിടയിലും വര്‍ഷങ്ങളായി ഉലയാത്ത സൗഹൃദബന്ധം സൂക്ഷിക്കുന്നവരാണ് തങ്ങളെന്നും സ്വരാജ് ഫെയ്സ്ബുക്ക് പേസ്റ്റില്‍ പറയുന്നു. ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെയെന്നും ഈ സൗഹൃദത്തെ സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ലെന്നും സ്വരാജ് കുറിച്ചു.

സ്വരാജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിന്റെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്.
ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത് . സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ?
ഷാനി പല സന്ദർശകരിൽ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ . ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും.
ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം.

ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിന്റെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്.ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ്…

Posted by M Swaraj on Saturday, January 27, 2018

സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പായ ഔട്സ്പോക്കണും സംഘഅനുകൂല ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കുമൊപ്പം കോണ്‍ഗ്രസ് അനുകൂലികളും അശ്ലീല പ്രചാരണം നടത്തിയിരുന്നു.തന്‍റേയും സ്വരാജിന്‍റേയും ചിത്രങ്ങള്‍ ചേര്‍ത്ത് ലൈംഗീക ചുവയോടെയുള്ള പരാമര്‍ശങ്ങളും ചിത്രങ്ങളുമായി ചിലര്‍ അപവാദ പ്രചരാണങ്ങള്‍ നടത്തുണ്ടെന്ന് കാണിച്ച് ഷാനി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.