ശശീന്ദ്രനെ മന്ത്രിയാക്കുന്നത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

single-img
28 January 2018

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കം കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികതയെക്കുറിച്ച്‌ എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ത്ഥ മുഖമാണ് എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകമാണെന്നും ചെന്നിത്തല ആരോപിച്ചു. തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും ശശീന്ദ്രന്‍റെ സംഭാഷണം എല്ലാവരും കേട്ടതാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് പുറത്തു വന്ന സംഭാഷണശകലം തന്‍റേതല്ലെന്ന് അന്ന് ശശീന്ദ്രന്‍ നിഷേധിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കേണ്ട ജനപ്രതിനിധികള്‍ വീഴ്ച വരുത്തുമ്ബോള്‍ അത്തരക്കാരെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തേണ്ടത് സാമാന്യ മര്യാദയാണ്. സ്ത്രീകളെ അപമാനിക്കുന്ന നീക്കത്തില്‍ നിന്നും ഇടത് മുന്നണി പിന്തിരിയണമെന്നും ചെന്നിത്തല പറഞ്ഞു.