ഫോൺകെണി വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായി;പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് എകെ ശശീന്ദ്രന്‍

single-img
28 January 2018


കോഴിക്കോട്: ഫോണ്‍കെണിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം തുറന്ന് സമ്മതിക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും പൊതുപ്രവര്‍ത്തകരുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ ഒരു പാഠമായിരുന്നു ഈ കേസെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കിയതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ശശീന്ദ്രന്‍.

പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്.വകുപ്പ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. തനിക്ക് പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. തോമസ് ചാണ്ടി ശത്രുവല്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

എ.കെ. ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ ആദ്യം കു​റ്റവിമുക്തനാകുന്നയാൾ മന്ത്രിയാകുമെന്ന തീരുമാനമായിരുന്നു എന്‍.സി.പിയുടേത്. അതുകൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിയിലെ എതിര്‍പക്ഷം പോലും ന്യായങ്ങള്‍ നിരത്തുന്നില്ല. കൂടാതെ കോടതി വിധിയെത്തിയതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ശശീന്ദ്രനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് സി.പി.എമ്മിന്റെ പച്ചക്കൊടിയായി വിലയിരുത്തുന്നു.