ശശീന്ദ്രനെതിരായ കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി; ‘ചാനല്‍ പ്രവര്‍ത്തക മൊഴി മാറ്റിയത് പേടികൊണ്ട്’

single-img
27 January 2018


മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി. തൈക്കാട് സ്വദേശിനിയായ മഹാലക്ഷ്മിയാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. യുവതി പ്രോസിക്യൂഷന് അനുകൂലമായി പറയാത്തത് ജീവന് ഭീഷണിയുള്ളതിനാലാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഉച്ചകഴിഞ്ഞാകാമെന്ന് കോടതി അറിയിച്ചു. തന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും മഹാലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ തനിക്കു പരാതിയില്ലെന്ന് ചാനല്‍ പ്രവര്‍ത്തക കഴിഞ്ഞ ദിവസം നിലപാടു മാറ്റിയിരുന്നു.

ശശീന്ദ്രനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിലുള്ള കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍നിന്നു പിന്‍വലിച്ചതിനു പിന്നാലെയാണു പരാതിയില്ലെന്നു സിജെഎം കോടതിയില്‍ തന്നെ ചാനല്‍ പ്രവര്‍ത്തക മൊഴി മാറ്റി പറഞ്ഞത്.

മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ ഔദ്യോഗിക വസതിയില്‍ വച്ച് അപമര്യാദയായി പെരുമാറിയിട്ടില്ല. ഫോണില്‍ തന്നോട് അശ്ലീല സംഭാഷണം നടത്തിയ ആള്‍ ശശീന്ദ്രനാണോ എന്ന് അറിയില്ല, തുടങ്ങി നേരത്തേ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതിയില്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

ചാനല്‍ പ്രവര്‍ത്തകയോടു ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന ആക്ഷേപം പുറത്തുവന്നതോടെയാണ് എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചത്. ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ജഡ്ജി പി.എസ്.ആന്റണി അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മിഷനെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.