പ്രണവിന്റെ ‘ആദി’യെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം
പ്രണവിന്റെ ആദി നല്ലൊരു ത്രില്ലറാണെന്നും ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെയെന്നും മോഹന്‍ലാല്‍. മുംബൈയില്‍ സുഹൃത്തുക്കളുമൊത്ത് ചിത്രം കണ്ടിറങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
ഭാണ്ഡൂപ് മെട്രോ സിനിപോളില് ഗുഡ് നൈറ്റ് മോഹന്‍, സുരാജ് വെഞ്ഞാറന്മൂട് തുടങ്ങിയവരോടൊപ്പമായിരുന്നു പ്രണവിന്റെ ആദ്യ നായക ചിത്രം കാണാന്‍ മോഹന്‍ലാല്‍ എത്തിയത്. അച്ഛനെന്ന നിലയില്‍ എങ്ങിനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് സ്വതസിദ്ധമായ നാണത്തില്‍ പൊതിഞ്ഞ സന്തോഷത്തോടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ നന്നായിരുന്നുവെന്നും ഇത് പോലുള്ള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രണവിന്റെ ആദ്യ ചിത്രമാണെന്ന് തോന്നുകയില്ലെന്നായിരുന്നു സുരാജ് വെഞ്ഞാറന്മൂട് പ്രതികരിച്ചത്. അച്ഛനെ പോലെ തന്നെ സാഹസികനാണ് മകനെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
ചിത്രം സൂപ്പര്‍ ആയിട്ടുണ്ടെന്നും ഇനി പ്രണവ് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുമോയെന്നാണ് തന്റെ ചിന്തയെന്നും പ്രൊഡ്യൂസര്‍ സന്തോഷ് കുരുവിള പറഞ്ഞു. സന്തോഷ് നിര്‍മ്മിക്കുന്ന നീരാളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മോഹന്‍ലാലും സംഘവും മുംബൈ നഗരത്തിലുള്ളത്.