കോടിയേരിക്കു പിന്നാലെ ചൈനയെ അനുകൂലിച്ച് പിണറായിയും: ‘ഡോക്ലാം തര്‍ക്ക വിഷയത്തില്‍ ഇന്ത്യ ഇടപെടേണ്ട കാര്യമില്ല’

single-img
27 January 2018

ചൈനയ്‌ക്കെതിരെ യുഎസ് വിശാലസഖ്യമുണ്ടാക്കുന്നുവെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈന വന്‍ ശക്തിയായി മാറുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ യുഎസ് ചൈനയ്‌ക്കെതിരെ വിശാലസഖ്യം ഉണ്ടാക്കുകയാണ്. യുഎസിനെതിരെയും വിവിധ മേഖലകളില്‍ സഖ്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകലോകക്രമം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയാണ് ചൈന നിലകൊള്ളുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളിലേക്ക് വിശദമായി പോകുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദമായ സമീപനം പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്.

സാമ്പത്തിക രംഗത്ത് വന്‍തോതിലുള്ള മുന്നേറ്റമാണ് ചൈന കൈവരിക്കുന്നത്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതൊക്കെയും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 67 ശതമാനം ജി.ഡി.പി വളര്‍ച്ചയായിരുന്നു ചൈനയുടെ ലക്ഷ്യം.

അതവര്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞു. ക്യൂബ, സോഷ്യലിസ്റ്റുകളോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവേശപൂര്‍വ്വം വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയുടെ എല്ലാ വെല്ലുവിളികളെയും ചെറുത്തുകൊണ്ടാണ് ക്യൂബ മുന്നേറുന്നതെന്നും പിണറായി പറഞ്ഞു.

ഡോക്ലാം തര്‍ക്ക വിഷയത്തില്‍ ഇന്ത്യ ഇടപെടേണ്ട കാര്യമില്ലെന്നും ഭൂട്ടാനും ചൈനയും തമ്മിലാണ് തര്‍ക്കമെന്നുമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചു. തൊഴിലുറപ്പുപദ്ധതി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചു. നോട്ടുനിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കിയെന്നും പിണറായി പറഞ്ഞു.